Asianet News MalayalamAsianet News Malayalam

മന്ത്രി വി.കെ സിങ് ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു; തൊഴില്‍ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പ്

vk singh visits saudi labour camp
Author
First Published Aug 5, 2016, 1:15 AM IST

ഉച്ചത്തില്‍ സിന്ദാബാദ് വിളിച്ചു കൊണ്ടാണ് ലേബര്‍ കേമ്പിലെത്തിയ കേന്ദ്രമന്ത്രി വി.കെ സിങ്ങിനെ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ സ്വീകരിച്ചത്. സൗദി ഓജര്‍ കമ്പനിയുടെ മക്കയ്‌ക്കടുത്ത ശുമൈസിയിലുള്ള ക്യാമ്പിലായിരുന്നു ഇന്നലെ വൈകുന്നേരം മന്ത്രിയുടെ സന്ദര്‍ശനം. ഒന്നര മണിക്കൂര്‍ നേരം തൊഴിലാളികളോടൊപ്പം ചെലവിട്ട മന്ത്രി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേട്ടു. സൗദി തൊഴില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്കായിലെ തീരുമാനങ്ങള്‍ മന്ത്രി വിശദീകരിച്ചപ്പോള്‍ തൊഴിലാളികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ഫീസ്‌ ഈടാക്കാതെ ഇഖാമ പുതുക്കാനും സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ മറ്റു കമ്പനികളില്‍ ജോലി ചെയ്യാനുള്ള താല്‍ക്കാലിക പെര്‍മിറ്റ്‌ നല്‍കാനും സൗദി തൊഴില്‍ മന്ത്രാലയം തയ്യാറാണെന്ന് മന്ത്രി അറിയിച്ചു.

നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ ഇന്ത്യയിലെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയാലും വീട്ടില്‍ എത്തുന്നത് വരെയുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് വി.കെ സിംഗ് പറഞ്ഞു. ഇന്ത്യയിലേക്കുള്ള വിമാനയാത്രാ ചെലവ് സൗദി ഗവണ്മെന്റ് വഹിക്കുമെന്ന്‍ മന്ത്രിയോടൊപ്പം ക്യാമ്പ് സന്ദര്‍ശിച്ച സൗദി തൊഴില്‍ മന്ത്രാലയം മക്കാ പ്രവിശ്യാ ഡയരക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ ഒലയാന്‍ അറിയിച്ചു. കമ്പനിയില്‍ നിന്ന് കിട്ടാനുള്ള പണം വാങ്ങാന്‍ കോണ്‍സുലേറ്റിനെ ചുമതലപ്പെടുത്തുകയാണ് നല്ലതെന്നും ആര്‍ക്കും പണം നഷ്‌ടപ്പെടില്ലെന്നും വി.കെ.സിങ്ങും, അബ്ദുള്ള ഓലയാനും പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ്‌ നൂര്‍ ഷെയ്ഖ്‌ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios