മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവിറോവും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ രേഖകള്‍ നല്‍കാമെന്ന് റഷ്യ. രഹസ്യങ്ങളൊന്നും ട്രംപ് കൈമാറിയിട്ടില്ലെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുചിന്‍ വ്യക്തമാക്കി. രഹസ്യങ്ങള്‍ കൈമാറിയെന്ന ആരോപണത്തില്‍ ട്രംപിനെതിരെ വിമര്‍ശനം കടുക്കുന്നതിനിടെയാണ് പുചിന്റെ നീക്കം.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവിറോവുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ രഹസ്യാന്വേഷണഏജന്‍സികള്‍ നല്‍കിയ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ട്രംപ് കൈമാറിയെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്തത്. രഹസ്യങ്ങള്‍ കൈമാറാന്‍ തനിക്ക് അവകാശമുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു. അതിനുപിനിനെലായെണ് തന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് മൈക്കല്‍ ഫ്ലിനുവേണ്ടി എഫ്ബിഐയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നത്.എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയോട് ഫ്ലിന്‍ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ആരോപണം ശരിയെങ്കില്‍ ഇംപീച്ച്മെന്റാണ് പിന്നെയുള്ള വഴിയെന്ന് സെനറ്റര്‍മാരടക്കം പറഞ്ഞുതുടങ്ങുകയും ചെയ്തു. അപ്പോഴാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുചിന്‍ കൂടിക്കാഴ്ചയുടെ രേഖകള്‍ നല്‍കാമെന്ന വാഗ്ദാനവുമായി മുന്നോട്ടുവന്നിരിക്കുനന്ത്. ഇത് വൈറ്റ്ഹൗസിനേയും പ്രതിസന്ധിയിലാക്കും. വാര്‍ത്ത പുറത്തുവന്നപോള്‍ നിഷേധിച്ച വൈറ്റ്ഹൗസ് തങ്ങളുടെ കൈവശമുള്ള രേഖകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകും. പുചിന്റെ നീക്കത്തോട് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.