Asianet News MalayalamAsianet News Malayalam

മാധ്യമ പ്രവര്‍ത്തകന്‍ വി.എം. സതീഷ് അന്തരിച്ചു

vm satheesh passed away
Author
First Published Feb 8, 2018, 9:07 AM IST

ദുബായ്: യുഎഇയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ വി.എം.സതീഷ്(54) അന്തരിച്ചു. രണ്ടു പതിറ്റാണ്ടായി യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന സതീഷ് ബുധനാഴ്ച്ച രാത്രിയോടെ അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിയ അദ്ദേഹത്തെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 

കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവന്‍-തങ്കമ്മ ദമ്പതികളുടെ മകനായ സതീഷ് മുംബൈയില്‍  ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒമാന്‍ ഒബ്‌സര്‍വര്‍ പത്രത്തില്‍ നിന്നാണ് യു.എ.ഇയില്‍ എത്തുന്നത്. എമിറേറ്റ്‌സ് ടുഡേ, സെവന്‍ ഡേയ്‌സ്  എമിറേറ്റ്‌സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഏതാനും മാസമായി എക്‌സ്പാറ്റ്‌സ് ന്യൂസ്, ഡിജിറ്റല്‍ മലയാളി എന്നീ പോര്‍ട്ടലുകള്‍ ആരംഭിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

ഗള്‍ഫിലെ തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രവാസികളുടെയും കുടിേയറ്റ തൊഴിലാളികളുടെയും വിഷയങ്ങള്‍ സമ്മേളനങ്ങളില്‍ അവതരിപ്പിക്കാന്‍ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. എഴുത്തിലെയും നിലപാടിലെയും മൂര്‍ച്ചയാണ്? സതീഷിനെ വേറിട്ടു നിര്‍ത്തിയത്. റിപ്പോര്‍ട്ടുകള്‍ 'ഡിസ്‌ട്രെസ്സിങ് എന്‍കൗണ്ടേഴ്‌സ്' എന്ന പേരില്‍ സമാഹരിച്ച് പുസ്തകമാക്കിയിരുന്നു. ഭാര്യ: മായ. മക്കള്‍: ശ്രുതി, അശോക് കുമാര്‍.  ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് സോനാപൂര്‍ എംബാമിംഗ് സെന്ററില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.

Follow Us:
Download App:
  • android
  • ios