തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്ഐആർ സമർപ്പിച്ച ദിവസം തന്നെ പ്രസ്തുത കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ മാറ്റിയതിലൂടെ സംസ്ഥാനത്തെ വിജിലൻസ് സംവിധാനത്തിന്റെ അവശേഷിച്ച വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് വിഎം സുധീരന്‍. സംസ്ഥാന പോലീസ് ചീഫ് വിജിലൻസ് മേധാവിയായി അനൗചിത്യപരമായി തുടരുന്നത് കേസുകൾ അന്വേഷിക്കാനല്ല മറിച്ച് അന്വേഷണത്തെ അട്ടിമറിക്കാനാണ് എന്നത് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഴിമതിവിരുദ്ധ പ്രതികരണങ്ങളുടെ പൊള്ളത്തരം ഇതോടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. നിലവിലുള്ള വിജിലൻസ് സംവിധാനം തീർത്തും പരാജയപ്പെട്ട സാഹചര്യത്തിൽ 'സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ' രൂപീകരിക്കുക മാത്രമാണ് പോംവഴി. കേന്ദ്ര വിജിലൻസ് കമ്മീഷൻ മാതൃകയിൽ നിയമനിർമ്മാണത്തിലൂടെ സ്വതന്ത്രമായ സ്റ്റേറ്റ് വിജിലൻസ് കമ്മീഷന് രൂപം നൽകുകയാണ് വേണ്ടത്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുക്കുന്ന സംവിധാനമായിരിക്കണം അതെന്നും അദ്ദേഹം പറഞ്ഞു.
