ദില്ലി: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ കാര്യമായ അഴിച്ചു പണിക്ക് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് മാറ്റമുണ്ടാവില്ല. നേതൃമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അനാവശ്യ പ്രചരണം മാത്രമാണെന്ന് സുധീരന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള തന്റെ നിലപാട് വിഎം സുധീരന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. അവസാനകാലത്തെ വിവാദ തീരുമാനങ്ങളും സ്‌ത്രീസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയും പാര്‍ട്ടി വോട്ടുകള്‍ ചോര്‍ത്തി എന്ന അഭിപ്രായം വിഎം സുധീരന്‍ അറിയിച്ചു എന്നാണ് സൂചന. തിരുത്തല്‍ നടപടികള്‍ വേണം എന്നതാണ് പാര്‍ട്ടി നിര്‍വ്വാഹക സമിതിയില്‍ ഉയര്‍ന്ന പൊതുവികാരം എന്ന് സുധീരന്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.
ഏതൊക്കെ തലത്തില്‍ മാറ്റം വേണമെന്ന് കേരളത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകില്ല എന്ന സൂചന സുധീരന്‍ നല്‍കി. എകെ ആന്റണിയേയും വിഎം സുധീരന്‍ കണ്ടു. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍ എന്ന നിര്‍ദ്ദേശത്തിന് ഹൈക്കമാന്‍ഡിന്റെ അനുമതി വാങ്ങിയ സുധീരന്‍ ഗ്രൂപ്പിന്റെ പേരിലുള്ള വീതംവയ്‌ക്കല്‍ അനുവദിക്കില്ല എന്ന സന്ദേശമാണ് നല്‍കുന്നത്. കേരളത്തിലെ തോല്‍വിയില്‍ കടുത്ത അതൃപ്തിയുണ്ടെങ്കിലും നേതൃമാറ്റം അജണ്ടയിലില്ല എന്ന സൂചനയാണ് ഹൈക്കമാന്‍ഡും നല്‍കുന്നത്.
