പാലക്കാട് സ്വദേശി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശബരിമല മേൽശാന്തി. ചെങ്ങന്നൂര്‍ സ്വദേശി എം.എന്‍.നാരായണന്‍ നമ്പൂതിരിയാണ് മാളികപ്പുറത്തെ പുതിയ മേൽശാന്തി.
സന്നിധാനം: ശബരിമല മേൽശാന്തിയായി പാലക്കാട് സ്വദേശി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നിലവില്‍ ബെംഗലൂരു ശ്രീ ജാലാഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇദ്ദേഹം. ചെങ്ങന്നൂര്‍ സ്വദേശി എം.എന്‍.നാരായണന്‍ നമ്പൂതിരിയാണ് മാളികപ്പുറത്തെ പുതിയ മേൽശാന്തി.
സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ ഒന്‍പത് പേരുകളാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. ശ്രീകോവിലിന് മുന്നില്‍വച്ച് പന്തളം കൊട്ടാരത്തില്‍നിന്ന് എത്തിയ കുട്ടികളാണ് നറുക്കെടുപ്പ് നടത്തിയത്. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. പുതിയ മേല്‍ശാന്തിമാര്‍ തുലാം മുപ്പതിന് ഇരുമുടി കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും.
തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ മേല്‍ശാന്തിമാരെ അഭിഷേകം നടത്തും. അവരോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും. തുടർന്ന് പുതിയ മേല്‍ശാന്തിമാര്‍ക്ക് തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവിലിനുള്ളില്‍ വച്ച് മൂലമന്ത്രവും ചൊല്ലിക്കൊടുക്കും. വൃശ്ചികം ഒന്നിന് ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട തുറക്കുന്നത് പുതിയ മേല്‍ശാന്തിയായിരിക്കും.
