കാസര്‍കോട്: കേരളത്തില്‍ നിന്നും കാണാതായി തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേര്‍ന്ന കാസര്‍കോട് പടന്ന സ്വദേശി അഷ്ഫാഖ് മജീദിന്റെ ശബ്ദ സന്ദേശം ലഭിച്ചു. ഖിലാഫത്തിലാണെന്നും പടന്ന സ്വദേശി ഷിയാസ് മരിച്ചെന്ന പ്രചാരണം തെറ്റാണെന്നും ശബ്ദ സന്ദേശത്തില്‍ അഷ്ഫാഖ് പറയുന്നുണ്ട്.
സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നത് ഇപ്പോള്‍ കുറവാണെന്നും എല്ലാവര്‍ക്കും സുഖമാണെന്നും പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. തങ്ങളിപ്പോള്‍ ഖിലാഫത്തിലാണ് ഖിലാഫത്തുള്ള സിറിയയിലും ഇറാഖിലും അടക്കം എല്ലായിടത്തും പ്രശ്‌നങ്ങളാണ്. തങ്ങള്‍ നില്‍ക്കുന്ന അഫ്ഖാനിസ്ഥാനിലെ ഖുറാസാനിലും പ്രശ്‌നങ്ങളാണെന്നും പറയുന്നു. നേരത്തെ പടന്നയില്‍ നിന്നും ഐ.എസില്‍ ചേര്‍ന്ന ഷിയാസ് മരിച്ചതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായിരുന്നു. ഇത് തെറ്റാണെന്നും അഷ്ഫാക്ക് വ്യക്തമാക്കുന്നുണ്ട്.
കാസര്‍ഗോഡ് പടന്നയില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നവരില്‍ അഷ്ഫാക്ക് മജീദ് മാത്രമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടാറുള്ളത്. ഒരുമാസം മുമ്പ് വരെ ഇടയ്ക്കിടെ സന്ദേശങ്ങള്‍ അയച്ചിരുന്നു. ആദ്യമായാണ് ശബ്ദസന്ദേശം ലഭിക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ ഐസിലുള്ള മറ്റുള്ളവരാണ് കൈകാര്യം ചെയ്യുന്നതെന്നും സന്ദേശങ്ങള്‍ അയക്കുന്നത് അഷ്ഫാക്കല്ലെന്നും പ്രചാരണമുണ്ടായിരുന്നു. ശബ്ദ സന്ദേശം ലഭിച്ചതോടെ അഷ്ഫാക്ക് തന്നെയാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്ന് സ്ഥിരീകരിക്കാനായിട്ടുണ്ട്. നേരത്തെ ഐഎസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചതും അഷ്ഫാക്ക് മജീദയച്ച സന്ദേശത്തിലൂടെയായിരുന്നു. കാസര്‍ഗോട്ടെ സാമൂഹ്യ പ്രവര്‍ത്തകന്‍ ബിസിഎ റഹ്മാനാണ് അഷ്ഫാഖ് മജീദയച്ച ശബ്ദ സന്ദേശം ലഭിച്ചത്.
