200 പേരെ കാണാതായി മരണസംഖ്യ വര്‍ധിക്കുമെന്ന് സൂചന

ഗ്വാട്ടിമാല: മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തിൽ മരണം 75 ആയി. ഗ്വാട്ടിമാലയിലെ ഹ്യൂഗോ അഗ്നിപര്‍വ്വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. 200ലധികം പേരെ കാണാതായിട്ടുണ്ട്. അഗ്നിപർവതത്തിൽ നിന്ന് വമിച്ച ലാവയും ചാരവും 10 കിലോ മീറ്ററിലധികം ദൂരത്തേക്കാണ് വ്യാപിച്ചത്.

പരിക്കേറ്റ പലരുടേയും നിലഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്നലെ വീണ്ടും നേരിയ പൊട്ടിത്തെറിയുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെളിച്ചക്കുറവും തിരിച്ചടിയാകുന്നുണ്ട്. സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നത്. 3000ത്തിലധികം പേരെ പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിച്ചു.

ദുരന്ത ബാധിത മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുകയാണെന്ന് ഗ്വാട്ടിമാല പ്രസിഡന്‍റ് ജിമ്മി മൊറേലസ് അറിയിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. 12,346 അടി ഉയരത്തിലാണ് ഇത്തവണ പൊട്ടിത്തെറി ഉണ്ടായത്. 1974 നു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ അഗ്നിപർവത സ്ഫോടനമാണ് ഇത്തവണത്തേത്.