തിരുവനന്തപുരം: ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെറു പ്രായത്തില്‍ തന്നെ വലിയ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതൊക്ക ചെയ്ത വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമനെന്ന് വി.എസ് അച്യുതാനന്ദന്‍. ഉമ്മാശ്ശേരി മാധവന്‍ ചാരിറ്റി പുരസ്കാരം ശ്രീറാം വെങ്കിട്ടരാമന് സമ്മാനിച്ച ശേഷമായിരുന്നു വി.എസിന്റെ പ്രശംസ. മൂന്നാറിലെ കൈയ്യേറ്റക്കാര്‍ക്കെതിരായ ഇടപെടല്‍ ചെറിയ കാര്യമല്ല. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പലകാരണങ്ങള്‍ കൊണ്ട് കൈയ്യേറ്റം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ധീരമായ ഇടപെടലുകള്‍ ശ്രീറാം നടത്തിയത് ചെറിയ കാര്യമല്ലെന്നും വി.എസ് പറഞ്ഞു.

ദേവികുളം സബ് കളക്ടറായിരിക്കെ മറയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആദിവാസി കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയതിനാണ് ഈ വര്‍ഷത്തെ ഉമ്മാശ്ശേരി മാധവന്‍ പുരസ്കാരത്തിന് ശ്രീറാം വെങ്കിട്ടരനെ തെര‍ഞ്ഞെടുത്തത്. തന്റെ ജീവിതത്തില്‍ ഏറ്റവുമധികം അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമാണിതെന്ന് ശ്രീറാം വെങ്കിട്ടരാമനും പ്രതികരിച്ചു.