കോഴിക്കോട്: തൃശൂർ പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ സന്ദർശിച്ചു. ജിഷ്ണുവിന്‍റെ മാതാപിതാക്കളുമായി സംസാരിച്ച വി.എസ് കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചു നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മകനെ കോളജ് മാനേജ്മെന്റ് കൊന്നതാണെന്നാണ് ജിഷ്ണുവിന്റെ അമ്മ തന്നോട് പറഞ്ഞതെന്നും കേസിൽ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികൾ കോളേജ് മാനേജ്മെന്റാണെന്നതിന് തെളിവുകളുണ്ടെന്ന് വിഎസ് പറഞ്ഞു. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വി എസ് ആവശ്യപ്പെട്ടു.