തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയ്യാറാവണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കം തന്നെ അനിവാര്യമായിരിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നു കളയുകയെന്നുള്ളതാണ് ഫാസിസം കാലങ്ങളായി ചെയ്തുവരുന്നത്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെക്കു മഹത്വം കല്‍പ്പിക്കുന്നതില്‍ തുടങ്ങി, ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചും തുടരുന്ന ഫാസിസ്റ്റ് കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷ്. ഫാസിസ്റ്റുകളുടെ ഈ ഉന്മൂലന പ്രക്രിയയെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്നു പ്രതിരോധിക്കേണ്ടതുണ്ട്. ഈ ഉന്മൂലന വ്യവസ്ഥയ്‌ക്കെതിരെ വിശാലമായ പ്രതിരോധ മുന്നണിയിയുണ്ടാക്കാന്‍ കഴിയണം. - വിഎസ് പറഞ്ഞു.