തിരുവനന്തപുരം: വിജിലൻസിനെതിരെ കടുത്ത വിമർശനവുമായി വി.എസ് അച്യുതാനന്ദൻ. പാറ്റൂർ, മൈക്രോഫിനാൻസ് അഴിമതി കേസിൽ അന്വേഷണം ഇഴയുന്നത് കേസ് അട്ടിമറിക്കുകയാണെന്ന സംശയം ബലപ്പെടുന്നുവെന്നാണ് വി.എസിന്റെ ആരോപണം.. കോടികളുടെ അഴിമതികേസിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താത്ത വിജിലൻസിന്‍റെ നടപടി ദുരൂഹമാണെന്നും വി.എസ് ആരോപിക്കുന്നു.
വിജിലൻസിനെതിരെ വി.എസ് ഉയർത്തുന്ന പരാതികൾ അവസാനിക്കുന്നില്ല. പാറ്റൂർ, ടൈറ്റാനിയം, മൈക്രോ ഫിനാൻസ് അഴിമതികേസിൽ അന്വേഷണം ഇഴയുന്നത് ചൂണ്ടികാട്ടിയാണ് വി.എസിന്‍റെ വിമർശനം. കോടികൾ ഖജനാവിന് നഷ്ടമുണ്ടാക്കിയ അഴിമതി കേസിൽ പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്നാണ് ആവശ്യം. വെള്ളാപ്പള്ളിക്കെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എഫ്.ഐ.ആർ ഇട്ടതൊഴിച്ചാൽ അന്വേഷണം എവിടെയുമെത്തിയില്ല.
പ്രതികളുടെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണെന്നാണ് വി.എസിന്റെ ആരോപണം. ഉന്നത ഉദ്യോഗസ്ഥർക്കെതിരായുള്ള ത്വരിത പരിശോധനയക്ക് പോലും എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുമ്പോൾ സ്ത്രീകളെ കബളിപ്പിച്ച് വഴിയാധാരമാക്കിയ അഴിമതി കേസുകൾ പ്രത്യേക സംഘത്തെ വെച്ച് അന്വേഷിപ്പിക്കാത്ത വിജിലൻസ് നടപടി ദുരൂഹമാണെന്നും വി.എസ് കുറ്റപ്പെടുത്തുന്നു. വിജിലൻസിനെയും ഡയറക്ടർ ജേക്കബ് തോമസിനെയും മുഖ്യമന്ത്രി പൂർണ്ണമായും പിന്തുണക്കുമ്പോഴും വിജിലൻസ് പ്രവർത്തനങ്ങളെ വിഎസ് പരസ്യമായി കുറ്റപ്പെടുത്തുന്നത്.
