തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ വിവാഹ ജീവിതത്തിന് ഇന്ന് സുവര്‍ണ ജൂബിലി. വലിയ ആഘോഷങ്ങളില്ലാതെയാണ് വിഎസിന്റെ 50ാം വിവാഹ വാര്‍ഷിക ദിനം കടന്നുപോയത്. 1967 ജൂലൈ 16നാണ് വിഎസ് അച്യുതാനന്ദന്‍ വസുമതിയെ വിവാഹം കഴിച്ചത്. അതും ഒരു ഞായറാഴ്ചയായിരുന്നു.
മൂന്നുമണിക്ക് വിവാഹം കഴിഞ്ഞു. സഹോദരന്റെ വീട്ടില്‍ നവവധുവിനെ ഇരുത്തി വിഎസ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. രാത്രിയിലെത്തിയതോടെ ഒരു വാടക വീട്ടിലേക്കും നവ ദമ്പതികള്‍ മാറി. അന്നു തൊട്ടിങ്ങോട്ട് വിഎസിന് നിഴലായി വസുമതിയും ഉണ്ട്. ഒരുമിച്ചുള്ള ജീവിതം. 50 വര്‍ഷങ്ങള്‍. സന്തോഷ ജീവിതമെന്ന് വിഎസും ഭാര്യ വസുമതിയും പറയുന്നു.
സുവര്‍ണജൂബിലി നിറവില്‍ നില്‍ക്കുമ്പോഴും വലിയ ആഘോഷങ്ങളില്ല. ആശംസയുമായെത്തുന്നവര്‍ക്ക് പായസവും ലഡുവും നല്‍കി വിഎസിന്റെ കുടുംബം സ്‌നേഹം പങ്കുവച്ചു. പിന്നെ മക്കളും മരുമക്കളും പേരക്കുട്ടികളുമൊന്നിച്ച് ചെറിയൊരു സദ്യയും.

