തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്നു വി.എസ്. അച്യുതാനന്ദന്‍. പാവപ്പെട്ട പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായതിനെതിരേയാണു താന്‍ കോടതിയില്‍ പോയതെന്നും വി.എസ്. പറഞ്ഞു.

താന്‍ കേസ് നടത്തിയതിന്റെ ഫലമായി സാന്റിയാഗോ മാര്‍ട്ടിന്റെ കൊള്ള അവസാനിപ്പിച്ച് അയാളെ ഇവിടെനിന്നു കടത്താന്‍ കഴിഞ്ഞുവെന്നു വി.എസ്. പറഞ്ഞു. അത് എല്‍ഡിഎഫ് സര്‍ക്കാറിനു വലിയ നേട്ടമായിരുന്നു. കോഴിക്കോട് അങ്ങാടിയില്‍ ലൈംഗിക ആവശ്യത്തിനുവേണ്ടി പെണ്‍കുട്ടികളെ സംഘടിപ്പിച്ചു നല്‍കിയ പണമുണ്ടാക്കിയതാണ് ഐസ്ക്രീം കേസ്. ഇതിനെ താന്‍ ശക്തമായി എതിര്‍ത്തു.

നിരാലംബരായ പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നായിരുന്നു കോടതിയില്‍ തന്റെ ആവശ്യം. അതു രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞു കോടതി തള്ളിക്കളയുക മാത്രമല്ല, കേസ് കീഴ്‌കോടതിയില്‍ കൈകാര്യം ചെയ്യണമെന്ന വിധിയും പുറപ്പെടുവിച്ചു.

നിര്‍ഭാഗ്യവതികളായ യുവതികളെ ഇത്തരത്തില്‍ അനാഥമാക്കിയ ആളുകള്‍ക്കെതിരായ ശക്തമായ ശബ്ദമായിരുന്നു തന്റേത്. അതേക്കുറിച്ചു കോടതി പരാമര്‍ശിക്കാതെ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞുള്ള വിധിയാണുണ്ടായത്. വളരെ നിര്‍ഭാഗ്യകരമാണത് - വി.എസ്. പറഞ്ഞു.