തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഒളിയമ്പുമായി വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ എന്തുകൊണ്ട് വൈകുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അത് പ്രഖ്യാപിച്ചവര്‍ തന്നെയാണ് പറയേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ, നിങ്ങള്‍ അവരെ തന്നെ സമീപിക്കുക എന്നാണ് വി.എസ് പ്രതികരിച്ചത്.

ഓര്‍ഡിനന്‍സിലൂടെ വി.എസിന് പദവി ഏറ്റെടുക്കുന്നതിലെ നിയമ തടസം സര്‍ക്കാര്‍ മാറ്റിയെങ്കിലും വീടും ഓഫീസും ഒന്നും ഇതുവരെ അനുവദിച്ചിട്ടില്ല. സ്റ്റാഫിനെ നിയോഗിക്കുന്നതിലും സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഇതിലുള്ള വിയോജിപ്പാണ് വി.എസ് പരസ്യമായി രേഖപ്പെടുത്തിയത്. 

ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി വി.എസിനെയും സമിതി അംഗങ്ങളായി മുന്‍ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരനെയും സി.പി.നായരെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ സമിതിയുടെ പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. അതേസമയം ഈ മാസം ഏഴാം തീയതി വി.എസ് ചുമതലയേറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.