പികെ. ശശിയെ കാല്‍നട പ്രചരണ ജാഥയുടെ ക്യാപ്റ്റനാക്കിയതിലെ എതിര്‍പ്പും വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശശിക്കെതിരായ നടപടിയിൽ തീരുമാനമെടുക്കാതെ കഴിഞ്ഞ ദിവസം സംസ്ഥാന സമിതി പിരിഞ്ഞിരുന്നു

തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ ഷൊര്‍ണൂർ എംഎൽഎ പി.കെ.ശശിക്കെതിരായ നടപടി വൈകുന്നതില്‍ വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു. നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് വിഎസിന്‍റെ നീക്കം.

പികെ. ശശിയെ കാല്‍നട പ്രചരണ ജാഥയുടെ ക്യാപ്റ്റനാക്കിയതിലെ എതിര്‍പ്പും വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശശിക്കെതിരായ നടപടിയിൽ തീരുമാനമെടുക്കാതെ കഴിഞ്ഞ ദിവസം സംസ്ഥാന സമിതി പിരിഞ്ഞിരുന്നു.

പി.കെ.ശശി ക്യാപ്റ്റനായ കാൽനട ജാഥ തുടരുന്നതിനാൽ നടപടിയെടുക്കുന്നത് നീട്ടി വയ്ക്കാനായിരുന്നു തീരുമാനം. നിയമസഭ തുടങ്ങുന്ന 26-ാം തീയതിക്ക് മുമ്പ് വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് നേരത്തേ പാർട്ടിയിൽ ധാരണയുണ്ടായിരുന്നു. എന്നാൽ, കാൽനട ജാഥയ്ക്കിടെ നടപടിയുണ്ടാകുന്നത് പരിപാടിയെ ബാധിക്കുമെന്നാണ് ഇരു നേതൃയോഗങ്ങളും വിലയിരുത്തിയത്.

ശശിക്കെതിരെ കടുത്ത നടപടിയുണ്ടാകാൻ സാധ്യത കുറവാണെന്നാണ് സൂചന. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏരിയ കമ്മിറ്റിയിലേക്കോ ബ്രാഞ്ച് കമ്മിറ്റിയിലേക്കോ തരംതാഴ്ത്താനാണ് സാധ്യത. ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതി എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷനാണ് അന്വേഷിച്ചത്.

കമ്മീഷനെ നിയോഗിച്ച് രണ്ട് മാസമായിട്ടും നടപടി വൈകിയതിനാൽ പരാതിക്കാരി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും റിപ്പോർട്ട് ചർച്ച ചെയ്തത്. പീഡനപരാതിയിൽ ആരോപണവിധേയനായ ശശിയെ ജാഥാ ക്യാപ്റ്റനാക്കിയതിൽ പാർട്ടിക്കുള്ളില്‍ തന്നെ അമർഷം പുകയുന്നതിനിടെയാണ് വിഎസ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.