ദില്ലി: പിണറായി സര്‍ക്കാരിനെതിരെ കേന്ദ്ര കമ്മിറ്റിയില്‍ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍. മൂന്നാര്‍ വിഷയത്തിലടക്കം സര്‍ക്കാരിന്റെ ഇടപെടലുകള്‍ തെറ്റായിരുന്നുവെന്ന് വി എസ് കേന്ദ്ര കമ്മിറ്റിയില്‍ പറഞ്ഞു. വി എസിന്റെ വിമര്‍ശനങ്ങള്‍ അടുത്ത പി ബി യോഗം പരിശോധിക്കുമെന്ന് ജന.സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇത്രയും രൂക്ഷമായ വിമര്‍ശനവുമായി വി എസ് അച്യുതാനന്ദന്‍ പാര്‍ടി വേദിയില്‍ എത്തുന്നത്. മൂന്നാറില്‍ കയ്യേറ്റക്കാരെ പിന്തുണക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്ര കമ്മിറ്റിയില്‍ വി എസ് പറഞ്ഞു. ഇത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനുള്ള മതിപ്പും വിശ്വാസവും ഇല്ലാതാക്കി. ചരക്ക് സേവന നികുതിയുടെ കാര്യത്തില്‍ പാര്‍ടി എടുത്ത രാഷ്ട്രീയ നിലപാടിന് വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയി. പകര്‍ച്ചപ്പനി തടയുന്നതിലടക്കം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരാചയമാണെന്നും വി എസ് വിമര്‍ശിച്ചു. വി എസ് ഉന്നയിച്ച ആരോപണങ്ങള്‍ അടുത്ത പോളിറ്റ് ബ്യൂറോ യോഗം പരിശോധിക്കുമെന്ന് ജന.സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
യെച്ചൂരിയിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതിനെതിരെ ഓണ്‍ലൈന്‍ മാധ്യമത്തിന് പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തില്‍ കേന്ദ്രകമ്മിറ്റി അതൃപ്തി അറിയിച്ചു. ദീര്‍ഘമായ അഭിമുഖത്തിന്റെ ഒരു ഭാഗം അടര്‍ത്തിമാറ്റിയാണ് മാധ്യമം പ്രസിദ്ധീകരിച്ചതെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയില്‍ പിണറായി നല്‍കിയ വിശദീകരണം. പിണറായിയുടെ അഭിമുഖത്തെ വിമര്‍ശിച്ച് വി.എസ് പരസ്യമായി രംഗത്തെത്തിയും ശ്രദ്ധേയമായി.
ബംഗാളില്‍ ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക് പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ സിപിഎം പിന്തുണക്കും. ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസ് തെലങ്കാനയിലെ ഹൈദരാബാദില്‍ അടുത്തവര്‍ഷം ഏപ്രില്‍ മാസത്തില്‍ നടത്താന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
