വര്‍ഷങ്ങളായി സ്ഥാപനത്തിലെ തൊഴിലാളികളും പൊതുജനങ്ങളും ഉയര്‍ത്തിവന്ന ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.  

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ഭരണപരിഷ്‌കാര കമ്മീഷന്‍ വിഎസ് അച്യുതാനന്ദന്‍ സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി സ്ഥാപനത്തിലെ തൊഴിലാളികളും പൊതുജനങ്ങളും ഉയര്‍ത്തിവന്ന ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്. എന്നാല്‍, രാജസ്ഥാന്‍ കോട്ടയിലെ ഇതിന്റെ മാതൃസ്ഥാപനം കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നഷ്ടത്തിലാണ് എന്ന ന്യായം പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് അടച്ചുപൂട്ടാന്‍ ശ്രമിച്ചത്.

ഇത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്ന് കഴിഞ്ഞ യുഡിഎഫ് ഗവര്‍മെണ്ടിന്റെ കാലത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷവും താന്‍ നിരന്തരം ആവശ്യപ്പെട്ടുവരുന്നതാണ്. നാലോ അഞ്ചോ തവണ ഇക്കാര്യം സബ്മിഷനിലൂടെ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. നിരവധി കടമ്പകള്‍ കടന്ന് ഇപ്പോള്‍ സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത് എന്നും വിഎസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.