തിരുവനന്തപുരം: എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കേന്ദ്രനേതൃത്വത്തോടാവശ്യപ്പെട്ടതിലൂടെ വിഎസ് അച്ചുതാനന്ദന്‍ ലക്ഷ്യംവക്കുന്നത് എസ്എന്‍സി ലാവലിന്‍ കേസും പിണറായി വിജയനേയുമാണെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ സര്‍ക്കാര്‍ സ്ഥാനങ്ങളിരിക്കുന്നത് ശരിയല്ലെന്ന പാര്‍ട്ടി നിലപാട് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ എംഎം മണിക്കെതിരെയും പിന്നീട് പിണറായിക്കെതിരെയും നീക്കം നടത്താമെന്നാണ് വിഎസ് കണക്കുകൂട്ടുന്നത്.
എസ്എന്‍സി ലാവലില്‍ കേരളരാഷ്ട്രീയത്തില്‍ സജീവമായിരുന്ന സമയത്ത് പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. വിഎസ് അന്ന് കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയത് അദ്ദേഹം സര്‍ക്കാര്‍ സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെന്നാണ്. കേസുകളില്‍ പ്രതിയാക്കപ്പെടുന്നവര്‍ ഭരണഘടനാസ്ഥാനങ്ങള്‍ വഹിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്. ഇപ്പോള്‍ മണി മന്ത്രിയാണ്. പാര്‍ട്ടി നിലപാട് അദ്ദേഹത്തിന് ബാധകവുമാണ്. ഇത് ചൂണ്ടിക്കാണിക്കുമ്പോള്‍ വിഎസിന്റെ മനസില്‍ എസ്എന്‍സി ലാവ്‌ലിനും പിണറായി വിജയനുമാണ്. ഇപ്പോള്‍ ലാവലിന്‍ കേസ് ഹൈക്കോടതി പരിഗണനയിലാണ്. ജനുവരിയില്‍ കേസ് കോടതി വാദം കേള്‍ക്കും, പിണറായി വിജനടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി തള്ളിയാല്‍ പിണറായി പ്രതിയാകും. ഇപ്പോള്‍ മണി മന്ത്രിയായി തുടര്‍ന്നാല്‍ പിന്നീട് പിണറായിക്കും സ്ഥാനത്ത് തുടരാനാകും. ഇത് മുന്നില്‍ കണ്ടാണ് സംസ്ഥാന നേതൃത്വത്തെ തള്ളി വിഎസ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ സമീപിച്ചത്. സ്വന്തം പേഴ്‌സണല്‍ സ്റ്റാഫ് പോലും അറിയാതെയാണ് വിഎസിന്റെ നീക്കം. അതേസമയം തന്നെ വിഎസിന് ഇത്തരമൊരു കത്തെഴുതാന്‍ സഹായം നല്‍കിയതാരെന്ന് പാര്‍ട്ടി നേതൃത്വം അന്വഷിക്കുന്നുമുണ്ട്.
