കൊച്ചി: പുതുവൈപ്പ് ഐഒസി എല്‍പിജി ടെര്‍മിനലിനെതിരായ സമരം ശക്തമാക്കാനൊരുങ്ങി സമര സമിതി. അടുത്ത തിങ്കളാഴ്ച്ച എറണാകുളം നഗരത്തിലേക്ക് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജന പ്രക്ഷോഭ മാര്‍ച്ച് നടത്തും. വി.എസ് അച്യുതാനന്ദനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്.
അടുത്ത തിങ്കളാഴ്ച്ചയാണ് പുതുവൈപ്പ് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം നഗരത്തിലേക്ക് ബഹുജന പ്രക്ഷോഭ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. സമരകാരണത്തിന്റെ തീവ്രത പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് സമരസമിതിയുടെ ലക്ഷ്യം. വ്യത്യസ്തമായ മാര്‍ഗങ്ങളാണ് ഇതിനായി ഇവര്‍ തേടുന്നത്. പിന്തുണയുമായി എത്തിയ കലാകാരന്‍മാര്‍ ചേര്‍ന്ന് പ്രതിഷേധത്തിന് പുതിയ മുഖം നല്‍കുന്നു. മുദ്രാവാക്യാങ്ങള്‍ക്ക് പകരം ഈ കലാസൃഷ്ട്ടികളിലൂടെയാവും പുതുവൈപ്പുക്കാര്‍ പ്രതിഷേധം നഗരത്തെ അറിയിക്കുക.
തിങ്കളാഴ്ച്ച ഉച്ച തിരിഞ്ഞ് രണ്ടു മണിയോടെ ഗോശ്രീ പാലത്തില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം രാജേന്ദ്ര മൈതാനിയില്‍ സമാപിക്കും. വി.എസ് അച്യുതാനന്ദന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിഷേധ പ്രകടനത്തിനായുള്ള ശക്തമായ പ്രചാരണത്തിരക്കിലാണ് പുതുവൈപ്പുക്കാര്‍. ഐ.ഒ.സി എല്‍.പി.ജി ടെര്‍മിനലിനെതിരെ സമരസമിതി നടത്തുന്ന സമരം 263 ദിവസം പിന്നിട്ട് കഴിഞ്ഞു.
