തിരുവനന്തപുരം: പുതിയതായി ചുമതലയേറ്റ പിണറായി സര്‍ക്കാരിന്റെ ഉപദേശകനായി മുതിര്‍ന്ന സിപിഐഎം നേതാവ് വി എസ് അച്യുതാനന്ദന്‍ ചുമതലയേല്‍ക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മറ്റ് കേന്ദ്രനേതാക്കളുടെയും ആവര്‍ത്തിച്ചുള്ള ആവശ്യത്തെ തുടര്‍ന്നാണ് പദവി ഏറ്റെടുക്കാന്‍ വി എസ് തയ്യാറാകുന്നത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് സംസ്ഥാന നേതൃയോഗങ്ങള്‍ കൂടിയപ്പോള്‍ സീതാറാം യെച്ചൂരി ഇക്കാര്യം വി എസിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഫോണിലൂടെയും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞാ ചടങ്ങിനിടെയും യെച്ചൂരി ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് പദവി ഏറ്റെടുക്കാന്‍ വി എസ് സന്നദ്ധനായതെന്നാണ് സൂചന. സര്‍ക്കാരിന്റെ ഉപദേശകനാകുന്നതിനൊപ്പം എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരികെ കൊണ്ടുവരാമെന്നും വി എസിന് നല്‍കിയ വാഗ്ദ്ധാനത്തിലുണ്ട്. ക്യാബിനറ്റ് പദവിയോടെയാണ് എല്‍ഡ‍ിഎഫ് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നത്. ഔദ്യോഗിക വസതിയും സ്റ്റാഫുകള്‍ അടക്കമുള്ള സൗകര്യവും വി എസിനുണ്ടാകും. ആദ്യം ഈ നിര്‍ദ്ദേശത്തോട് വിയോജിപ്പ് അറിയിച്ച വി എസ് നിരന്തരമുള്ള ആവശ്യത്തെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്. അടുത്ത പി ബി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും, മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമാകുകയും ചെയ്യും.