തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ സാംസ്കാരിക നായകർ മൗനം തുടരുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ എതിര്‍ത്ത മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിനെക്കാള്‍ ഇരട്ടിയില് ഏറെ ലൈക്ക് കിട്ടി വിടി ബലറാം എംഎല്‍എയുടെ കമന്‍റ്. ഇന്ന് ഉച്ചയ്ക്ക് 1.30 വരെ പോസ്റ്റിന് ലഭിച്ചത് 15,000ത്തോളം  ലൈക്കാണ്. എന്നാൽ, അതേ പോസ്റ്റിനു താഴെയുള്ള വി.ടി. ബൽറാം എംഎൽഎയുടെ കമന്റിന് കിട്ടിയ ലൈക്ക് 32,000 വരും അതായത് പോസ്റ്റിന് ലഭിച്ചതിലും ഇരട്ടിയില്‍ അധികം (ലൌ പോലുള്ള മറ്റ് റിയാക്ഷനുകള്‍ കണക്കിലെടുത്തിട്ടില്ല). 

മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇതായിരുന്നു

കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ല.

ഇതിന് വിടി ബലറാം നല്‍കിയ മറുപടി ഇതാണ് 

>>കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. << ആണല്ലോ? അല്ലാതെ സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന അവർ പ്രതിനിധാനം ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയേയോ പുകസ യേയോ അല്ലല്ലോ? അതുകൊണ്ടുതന്നെയാണ് മിസ്റ്റർ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാർ അവിടേക്ക് കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ദലിത് വനിതയായ കോളേജ് പ്രിൻസിപ്പലിന് എസ്എഫ്ഐക്കാർ ശവമഞ്ചം തീർത്തപ്പോൾ അത് മഹത്തായ ആർട്ട് ഇൻസ്റ്റലേഷനായി കൊണ്ടാടിയ പാർട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും? എന്നിട്ടാണോ ഈ പ്രതീകാത്മക സമരത്തിനെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്! ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല. അല്ലെങ്കിൽത്തന്നെ അവർക്കൊക്കെ എന്ത് ക്രഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്?
സിപിഎമ്മിന് സ്തുതി പാടാൻ മാത്രം വാ തുറക്കുന്ന സാംസ്ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങൾ അവരർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യും, നിങ്ങൾ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീർത്തും ജനാധിപത്യപരമായി മാത്രം. നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.