സിപിഎമ്മിന്‍റെ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ച് പറയാൻ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും അവരെ രക്ഷിച്ചെടുക്കാൻ നോക്കുന്ന 'സാംസ്കാരിക കുബുദ്ധി'കളുടെ കെണിയിൽ വീഴാൻ ഉദ്ദേശ്യമില്ലെന്നുമാണ് വി ടി ബൽറാമിന്‍റെ വിശദീകരണം. അഭിസംബോധനകളിലെ രാഷ്ട്രീയ ശരിയേക്കാൾ രാഷ്ട്രീയ കൊലപാതകങ്ങൾ ശരിയാണോ എന്നതാണ് പ്രധാനമെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ എഴുതി.
പാലക്കാട്: കെ ആർ മീരക്ക് എതിരായി താൻ ഫേസ്ബുക്കിൽ എഴുതിയ പ്രതികരണത്തെ ന്യായീകരിച്ച് വി ടി ബൽറാം എംഎൽഎ. അഭിസംബോധനകളിലെ രാഷ്ട്രീയ ശരിയല്ല, രാഷ്ട്രീയ കൊലപാതകങ്ങൾ ശരിയാണോ എന്നതാണ് തൽക്കാലം പ്രധാനം എന്നാണ് ബൽറാമിന്‍റെ വിശദീകരണം. കെ ആർ മീരയെ തെറി വിളിക്കാൻ അണികൾക്ക് ആഹ്വാനം നൽകുന്ന സൂചനയോടെയാണ് വി ടി ബൽറാം കഴിഞ്ഞ ദിവസം കെ ആർ മീരയുടെ തന്നെ പോസ്റ്റിൽ കമന്‍റ് എഴുതിയത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശനം ഉർന്നിരുന്നു.
ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് തങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠുരമായ കൊലപാതകവും സിപിഎമ്മിന്‍റെ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ചും തന്നെയാണെന്ന് വി ടി ബൽറാം വിശദീകരിക്കുന്നു. അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കാൻ നോക്കുന്ന 'സാംസ്ക്കാരിക കുബുദ്ധി'കളുടെ കെണിയിൽ വീഴാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ബൽറാം ഫേസ്ബുക്കിൽ എഴുതി.

എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയിൽ ആക്രമിക്കുന്നത് കോൺഗ്രസ് സംസ്കാരമല്ലെന്ന് വിടി ബൽറാമിനെതിരായി കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് ഫേസ്ബുക്കിൽ എഴുതിയതിന് മിനുട്ടുകൾക്ക് മുമ്പാണ് ബൽറാം തന്‍റെ വാക്കുകളെ ന്യായീകരിച്ച് പോസ്റ്റിട്ടത്.
