Asianet News MalayalamAsianet News Malayalam

'അശാറാം ബാപ്പുവിന്‍റെ വിധി'; നീതിക്കായി കാത്തിരിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം

  • ആശാറാം ബാപ്പുവിനെതിരായ ശിക്ഷാ വിധി ഇന്ന്

  • നീതിക്കായി കാത്തിരിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം

Waiting For Justice Says Asaram Allegedly Raped girls family

ഭോപ്പാല്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ ശിക്ഷാ വിധി ഇന്ന് പുറത്തുവരാനിരിക്കെ നീതിക്കായി കാത്തിരിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അഞ്ച് വര്‍ഷം മുമ്പ് 2013 ഓഗ്‌സറ്റ് 15നായിരുന്നു  പെണ്‍കുട്ടി പീഡനം നേരിട്ടത്. അഞ്ച് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ആശാറാം ബാപ്പു പ്രതിയായ കേസില്‍ ഇന്ന് വിധി വരുന്നത്.  പെണ്‍കുട്ടി അന്നത്തെ അനുഭവങ്ങളില്‍നിന്നുണ്ടായ നടുക്കത്തില്‍നിന്ന് പുറത്തുവരുന്നതേ ഉള്ളൂ എന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 

ആശാറാം തടവിലുള്ള ജോഥ്പൂര്‍ ജയിലിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിക്കുക. അക്രമ സാധ്യത കണക്കിലെടുത്ത് നാനൂറോളം പേരെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. ആശ്രമത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മുറിയിലേക്ക് വിളിച്ച് വരുത്തി ആശാറാം ബാപ്പു ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷാ വിധി. 

മധ്യപ്രദേശിലെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പഠനത്തില്‍ ഒഴപ്പിയെന്നും ഭൂതബാധയുണ്ടെന്നും പറഞ്ഞാണ് ജോഥ്പൂരിലെ ആശ്രമത്തിലേക്ക് വിളിച്ച് വരുത്തിയത്. ആശാറാം ബാപ്പുവിന്റെ അനുയായികളായ നാല് പേരും കേസില്‍ പ്രതികളാണ്. പോക്‌സോ വകുപ്പുകളില്‍ ഉള്‍പ്പടെയാണ് ആശാറാം ബാപ്പുവിനെതിരെ പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്. പ്രധാനസാക്ഷികളായ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതികള്‍.

സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആസാറാം ബാപ്പു തടവിലുള്ള ജോധ്പുര്‍ ജയിലിലെ പ്രത്യേക കോടതി മുറിയിലാണ് വിധി പ്രസ്താവിക്കുക.കോടതി പരിസത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. അഞ്ച് കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതിനും ജോഥ്പൂരില്‍ നിരോധനമുണ്ട്. നഗരത്തിലെ ആശാറാമിന്റെ ആശ്രമത്തില്‍ നിന്നും അനുയായികളെ പൊലീസ് ഒഴിപ്പിച്ചു. ദേര സച്ച സൗദ കേസിലെ വിധി ഉത്തരേന്ത്യയില്‍ വലിയ അക്രമങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സമാന ആക്രമണ സാധ്യത കണക്കിലെടുത്ത് ആസാറാമിന്റെ അനുയായികള്‍ കൂടുതലുള്ള ഹരിയാന,മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളും കനത്ത സുരക്ഷയിലാണ്.പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബത്തിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios