കാസര്‍കോട്: കൂത്ത്പറമ്പ് മന്ദ്യത്ത് ഇല്ലത്ത് പദ്മനാഭന്‍ നമ്പൂതിരിയും ഭാര്യ സുവര്‍ണ്ണനി അന്തര്‍ജനവും വേറിട്ട പത്രപ്രവര്‍ത്തന ശൈലിയിലൂടെ മലയാളി മനസ്സില്‍ ഇടം പിടിച്ച സോണി എം.ഭട്ടതിരിപ്പാടിന്റെ അച്ഛനും അമ്മയും. ഒമ്പതു വര്‍ഷം മുന്‍പ് കാണാതായ മകന്‍ ഏതു നേരവും എത്തിയാല്‍ അവനുള്ള ആഹാരവുമായി കാത്തിരിക്കുകയാണ് ഈ വൃദ്ധദമ്പതിമാര്‍. രണ്ടുമക്കളില്‍ മൂത്തമകനാണ് സോണി അഥവാ അപ്പുമോന്‍. അപ്പുമോനും കൂടിയുള്ള ആഹാരം ഈ 65 വയസിലെ കാത്തിരിപ്പിനിടയിലും സുവര്‍ണ്ണനി അന്തര്‍ജനം വീട്ടില്‍ കരുതിവെക്കും. അടുത്ത ദിവസം അതെടുത്തു കളയും.
ആഹാരം മേശപ്പുറത്ത് വിളമ്പി വെച്ച് വിശന്നു വരുന്ന മകനെ സ്വീകരിക്കാന്‍ സുവര്‍ണ്ണനി അന്തര്‍ജനം ഒരുഭാഗത്ത്. മറുഭാഗത്ത് ഉപനയനം തൊട്ട് മനസ്സില്‍ കൊണ്ടുനടക്കുന്ന പ്രാര്‍ത്ഥനകളുമായി പദ്മനാഭന്‍ ഭട്ടതിരിപ്പാടും ഉണ്ടാകും. ഈ കാത്തിരിപ്പിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. സദാസമയവും ഇവര്‍ ഇങ്ങനെത്തന്നെ. 2008 ല്‍ ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേള റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സോണി, ഇന്നും തിരിച്ചെത്തിയിട്ടില്ല. മട്ടന്നൂര്‍ ശിവപുരം ഹൈസ്‌കൂളിലെ റിട്ട പ്രധാനാദ്ധ്യാപകന്‍ കൂടിയായ പദ്മനാഭന്‍ നമ്പൂതിരിയും ഭാര്യ സുവര്‍ണ്ണനി അന്തര്‍ജ്ജനവും മകന്റെ മക്കളെ മാറോടണക്കാന്‍ ഇടയ്ക്ക് നീലേശ്വരം പട്ടേനയിലെ സോണിയുടെ ഭാര്യ സീമയുടെ വീട്ടിലും എത്തും.
മക്കളായ അനന്തപദ്മനാഭനെയും മകള്‍ ഇന്ദുലേഖയെയും ലാളനകള്‍ കൊണ്ട് മൂടി അവര്‍ അടുത്തദിവസം കൂത്തുപറമ്പിലേക്ക് തന്നെ തിരിക്കും. ഏതു നേരവും തങ്ങളുടെ മകന്‍ തിരിച്ചെത്തുമെന്നുള്ള ഉറച്ച വിശ്വാസമാണ് രണ്ട് പേര്‍ക്കുമുള്ളത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ ശിവപുരം സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്നു പദ്മനാഭന്‍ നമ്പൂതിരി. സുവര്‍ണ്ണനി അന്തര്‍ജ്ജനമാകട്ടെ ദീര്‍ഘകാലം മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്നു. ഇവരുടെ രണ്ടാമത്തെ മകന്‍ റാവു ഭട്ടതിരിപ്പാട് കോഴിക്കോട് അഭിഭാഷകനാണ്. റാവുവും ഇടയ്ക്കു പത്രപ്രവര്‍ത്തന മേഖലയില്‍ ഉണ്ടായിരുന്നു.
സോണി എം.ഭട്ടതിരിപ്പാടിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭാര്യയും ആയുര്‍വേദ ഡോക്ടറുമായ ജി.കെ.സീമ പറയുന്നത് ഇങ്ങനെ, 2008 ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ഗരീബ്‌രഥ് എക്‌സ്പ്രസിലാണ് സോണി ഗോവയിലേക്ക് വണ്ടി കയറിയത്. എറണാകുളത്തെ വീട്ടില്‍ നിന്നും സീമ തന്നെയാണ് സോണിയെ കാറില്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. അന്ന് ഇന്ത്യാവിഷനില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി ജോലി ചെയ്ത സോണി ഗോവയിലെത്തി ആദ്യ രണ്ട് ദിവസം ചലച്ചിത്രമേളയെ കുറിച്ചുള്ള സ്റ്റോറികള്‍ ചെയ്തിരുന്നു. ഇതിനിടയില്‍ സീമയെയും വിളിക്കുമായിരുന്നു. എന്നാല്‍ പെട്ടന്ന് അത് നിലയ്ക്കുകയും ചെയ്തു.
ടിവിയില്‍ വാര്‍ത്തയും വീട്ടിലേക്ക് ഫോണും വരാതായതോടെ സീമ സോണിയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ അതും നിശ്ചലമായിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോണി മംഗലാപുരം ഫാദര്‍ മുള്ളേസ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. അടുത്തദിവസം തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നും മക്കളെ കാണണമെന്നും സോണി പറഞ്ഞിരുന്നതായി സീമ പറയുന്നു. എന്നാല്‍ മംഗലാപുരത്ത് നിന്നും സോണി എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. ഇടയ്ക്ക് വീട്ടില്‍ പറയാതെ ആഴ്ചകളോളം മാറിനില്‍ക്കുന്ന ശീലം സോണിക്കുണ്ടായിരുന്നു. അതുകൊണ്ട് കൂടുതല്‍ അന്വേഷണത്തിന് തയ്യാറായതുമില്ല. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സോണി തിരിച്ചെത്താത്തതിനാല്‍ അന്നത്തെ ഡി.ജി.പി.ജേക്കബ് പുന്നൂസിന് പരാതി നല്‍കിയാതായി സീമ പറഞ്ഞു. തുടര്‍ന്ന് ഗോവ പോലീസിലും പരാതി നല്‍കി.
എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ സോണിയെ കുറിച്ച് യാതൊരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം നടത്തിയിരുന്നു. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്ന സോണി മംഗലാപുരത്ത് നിന്നും മൂകാംബികയിലേക്കോ കുടജാദ്രിയിലേക്കോ പോയികാണുമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഒമ്പത് വര്‍ഷമായിട്ടും തിരിച്ചുവരാത്ത തന്റെ അപ്പുവേട്ടന്‍ ഇന്നല്ലെങ്കില്‍ നാളെ, തന്നെയും മക്കളെയും കാണാനെത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് ഡോ. ജി.കെ.സീമ പറഞ്ഞു. സോണിയുടെ മൂത്തമകന്‍ അനന്തപദ്മനാഭന്‍ സദ്ഗുരു വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസിലും മകള്‍ ഇന്ദുലേഖ എട്ടാം ക്ലാസിലും വിദ്യാര്‍ത്ഥികളാണ്. തങ്ങളുടെ അച്ഛന്‍ ഏതു നേരവും മടങ്ങി എത്തുമെന്നാണ് ഇവരുടെയും പ്രതീക്ഷ.
