പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ശരണ്യ നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൂത്ത കുട്ടിയെ ബന്ധു പീഡിപ്പിച്ചിരുന്നെന്നും ഇക്കാര്യം പോലീസിനു മൊഴി നല്‍കിയിരുന്നെന്നും കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ ബന്ധു അടക്കം മൂന്ന് പേര്‍ പിടിയിലായി.
കഴിഞ്ഞ ജനുവരി പന്ത്രണ്ടിനാണ് വാളയാര്‍ അട്ടപ്പള്ളത്ത് ഭാഗ്യവതിയുടെ മൂത്തമകള്‍ ഹൃത്തികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ബന്ധു ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് മകള്‍ പറഞ്ഞിരുന്നെന്നും, സംശയാസ്‌പദമായ സാഹചര്യത്തില്‍ രണ്ട് പേരെ വീടുനു സമീപത്തു കണ്ടെന്നും കുട്ടിയുടെ അമ്മയും അനിയത്തിയും പോലീസിനു മൊഴി നല്‍കി.
കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അവഗണിച്ച പോലീസ് കേസ് ആത്മഹത്യയില്‍ ഒതുക്കി. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ച തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാര്‍, ഇക്കാര്യത്തില്‍ പോലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും പറഞ്ഞു. ഹൃത്തികയുടെ മരണം ജില്ലയിലെ ശിശുക്ഷേമ സമിതി അധികൃതര്‍ അറിഞ്ഞതു പോലുമില്ല.
ഹൃത്തികയുടെ മരണത്തിലെ നിര്‍ണായക സാക്ഷിയാണ് കൃത്യം 52 ദിവസങ്ങള്‍ക്ക് ശേഷം ഇതേ സാഹചര്യത്തില്‍ മരിച്ച ശരണ്യ. കുട്ടി നിരന്തരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.കുട്ടിക്ക് ഈ ഉയരത്തില്‍, ഇത്ര ബലത്തില്‍ കുരുക്കിടാനാകില്ലെന്ന് സംശയിക്കുന്നുണ്ടെങ്കിലും ശാസ്‌ത്രീയ പരിശോധനാ ഫലങ്ങള്‍ കിട്ടിയാലേ മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കാനാകൂ എന്നാണ് പോലീസിന്‍റെ നിലപാട്. കുട്ടിയുടെ ബന്ധു അടക്കം മൂന്ന് പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

