കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പീഡനത്തിനിരയായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ട സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി നടപടി ശരിയായില്ലെന്ന വിലയിരുത്തലോടെയാണ് ഉത്തരവ്.

ജാമ്യം നല്‍കിയത് കേസിന്റെ തുടര്‍ നടപടികളെ ബാധിക്കും എന്നാരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഹൈക്കോടിയിലെത്തിയത്. എന്നാല്‍ നാലാം പ്രതി കുട്ടി മധുവിന് നല്‍കിയ ജാമ്യം കോടതി അംഗീകരിച്ചു. ഇയാള്‍ക്കെതിരെ വലിയ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല എന്ന നിരീക്ഷണത്തിലാണിത്.

കഴിഞ്ഞ ജനുവരി പന്ത്രണ്ടിനാണ് വാളയാര്‍ അട്ടപ്പള്ളത്ത് ഭാഗ്യവതിയുടെ മൂത്തമകള്‍ ഹൃത്തികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ബന്ധു ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് മകള്‍ പറഞ്ഞിരുന്നെന്നും, സംശയാസ്‌പദമായ സാഹചര്യത്തില്‍ രണ്ട് പേരെ വീടുനു സമീപത്തു കണ്ടെന്നും കുട്ടിയുടെ അമ്മയും അനിയത്തിയും പോലീസിനു മൊഴി നല്‍കി.