കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിക്കെതിരെ എൻ.സി.പി യിൽ പടയൊരുക്കം. 10 ജില്ലാ കമ്മിറ്റി പ്രസിഡന്‍റുമാർ കോഴിക്കോട് യോഗം ചേർന്നു.
ഉഴവൂർ വിജയന്‍റെ മരണത്തിന് മുൻപ് ഒരു സംസ്ഥാന ഭാരവാഹി വിളിച്ച് ഭീഷണിപെടുത്തിയത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എൻ.സി.പി സംസ്ഥാന ഘടകത്തിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് കോഴിക്കോട്ട് 10 ജില്ലാ പ്രസിഡന്‍റുമാർ രഹസ്യ യോഗം ചേർന്നത്.
സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണശേഷം മന്ത്രി തോമസ് ചാണ്ടി പാർട്ടിക്ക് അതീതമായി പ്രവർത്തിക്കുന്നുവെന്നാണ് എൻസിപിയിലെ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം. ഉഴവൂരിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം എറണാകുളത്തുണ്ടായിട്ടും മന്ത്രി ആശുപത്രിയിലെത്തിയില്ല. ഇത് മോശം പ്രതിച്ഛായ ഉണ്ടാക്കി. ഉഴവൂരിനെ ഒരു സംസ്ഥാന ഭാരവാഹി വിളിച്ച് ഭീഷണിപെടുത്തിയെന്ന വാർത്ത ഗൗരവം അർഹിക്കുന്നതാണ്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് അസുഖം കൂടിയത്.
ഇത് സംബന്ധിച്ച് അന്വേഷണം വേണം. ഇക്കാര്യങ്ങളെല്ലാം 20 ന് കൊച്ചിയിൽ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാനാണ് യോഗത്തിൽ പങ്കെടുത്ത ജില്ലാ പ്രസിഡന്‍റുമാരുടെ തീരുമാനം. കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കാസർകോട് ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തിന് എത്താതിരുന്നത്. മുൻ മന്ത്രി എ.കെ ശശീന്ദ്രനും തങ്ങളോടൊപ്പമാണെന്നും നിയമസഭ ചേരുന്നതിനാൽ ആണ് അദ്ദേഹമെത്താതിരുന്നതെന്നുമാണ് യോഗത്തിൽ പങ്കെടുത്തവരുടെ വാദം. നേരത്ത എ ക ശശീന്ദ്രൻ എം.എൽ.എയും മന്ത്രി തോമസ് ചാണ്ടിയും തമ്മിൽ പാർട്ടിയിൽ ശീതസമരം ശക്തമായിരുന്നു. രഹസ്യ യോഗത്തോടെ പാർട്ടി പിളർപ്പിലേക്കാണെന്ന സൂചനയാണ് പുറത്ത് വരുന്നത്.
