മണലില്‍ കുടുങ്ങിപ്പോയ ട്രക്ക്, ദുബായ് കിരീടാവകാശി തന്‍റെ വണ്ടി ഉപയോഗിച്ച് കെട്ടിവലിക്കുന്ന വീഡിയോ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലായിരിക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ സഹായ ഹസ്തത്തിന്‍റെ പേരിലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. മണലില്‍ കുടുങ്ങിപ്പോയ ട്രക്ക് ശൈഖ് ഹംദാന്‍ തന്‍റെ കറുത്ത ജി ക്ലാസ് മെര്‍സിഡസ് ഉപയോഗിച്ച് കെട്ടിവലിക്കുന്ന വീഡീയോ ആണ് പ്രചരിക്കുന്നത്.
ആദ്യശ്രമത്തില്‍ കെട്ടിവലിക്കാന്‍ ഉപയോഗിച്ച വടം പൊട്ടിപ്പോയെങ്കിലും വീണ്ടും ശ്രമിക്കുന്നു. ശൈഖ് ഹംദാന്റെ വാഹനത്തിന് പുറമേ മറ്റൊരു വാഹനവും കൂടി ചേര്‍ന്നാണ് ട്രക്ക് കെട്ടിവലിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന മണ്ണ് ഇറക്കിയ ശേഷം വീണ്ടും കെട്ടി വലിച്ചപ്പോള്‍ ശ്രമം ഫലം കണ്ടു. പാക്കിസ്ഥാന്‍ സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ക്ക് കൈകൊടുത്ത ശേഷമാണ് ശൈഖ് ഹംദാന്‍ മടങ്ങിയത്. ഈ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ കണ്ട് കഴിഞ്ഞത്.
