ദില്ലി: അയൽ രാജ്യങ്ങൾക്കിടയിലെ ശത്രുതയിലേക്ക് സംഗീതത്തിലൂടെ സമാധാനത്തിൻ്റെ വഴിവെട്ടുകയാണ് ഇൗ മ്യൂസിക് ബാൻ്റ്. വോക്സ്ചോഡ് എന്ന പേരിലുള്ള ഇന്ത്യൻ മ്യൂസിക് ബാൻറിലെ കാപ്പല്ലെ ഗായകരാണ് ഇരുരാജ്യങ്ങളുടെയും സ്വതന്ത്ര്യത്തിൻ്റെ എഴുപതാം വാർഷികത്തിൻ്റെ ഭാഗമായി സംഗീത വിരുന്നൊരുക്കിയത്. പാക്കിസ്ഥാൻ്റെ ദേശീയഗാനമാണ് കാപ്പല്ലെ രീതിയിൽ ആലപിച്ചത്. മനോഹരമായി ചിത്രീകരിച്ച കാപ്പല്ലെയുടെ വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറൽ ആയി മാറി.
കലയിലും സിനിമയിലും സ്പോർട്സിലും ഉൾപ്പെടെ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ വൈരം നിറഞ്ഞുനിൽക്കുമ്പോഴാണ് പാക്കിസ്ഥാൻ ജനതക്ക് ഇന്ത്യൻ ഗായക സംഘത്തിൻ്റെ സംഗീത ഉപഹാരം. ഇരുരാജ്യങ്ങൾക്കുമിടയിലെ വിദ്വേഷം കുറക്കാൻ ലക്ഷ്യമിട്ടുള്ള പരീ ക്ഷണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വാദ്യോപകരണങ്ങളുടെ ശബ്ദം ഗായക സംഘത്തിലെ കലാകാരൻമാർ തന്നെ അനുകരിച്ചാണ് കാപ്പല്ലെ അവതരിപ്പിക്കുന്നത്. സംഗീത ഉപഹാരത്തെക്കുറിച്ച് ഗായക സംഘം വൈകാരികമായാണ് പ്രതികരിച്ചത്. ഞങ്ങളുടെ അയൽപക്കക്കാർക്കുള്ള സമർപ്പണമാണിതെന്ന് സംഘം പറഞ്ഞു. വിശ്വാസം, ആത്മാഭിമാനം, പ്രതാപം, ശക്തി, പുരോഗതി, പരിപൂർണത എന്നിവയെ കുറിക്കുന്നതാണ് ഗാനമെന്നും അവർ പറഞ്ഞു.

