റഷ്യയ്ക്ക് നന്ദിയറിയിച്ച് ക്രൊയേഷ്യന്‍ പ്രസിഡന്‍റിന്‍റെ വീഡിയോ സന്ദേശം
മോസ്കോ: ചരിത്രത്തിലെ മികച്ച ലോകകപ്പ് എന്ന വിശേഷണവുമായി റഷ്യന് മാമാങ്കം ഫൈനല് വിസിലിന് കാതോര്ത്തിരിക്കയാണ്. ലോകകപ്പിന് കിക്കോഫാകും മുന്പ് ആശങ്ക സൃഷ്ടിച്ചിരുന്ന വംശീയ പ്രശ്നങ്ങള് ഒന്നും തന്നെ റഷ്യയില് സംഭവിച്ചില്ല. റിപ്പോര്ട്ട് ചെയ്യപ്പെട്ടത് വളരെ കുറച്ച് ക്രമസമാധാനപ്രശ്നങ്ങള് മാത്രം. സംഘാടനത്തിലും ഏകോപനത്തിലും സമാനതകളില്ലാത്ത ലോകകപ്പായി റഷ്യയിലേതെന്ന് ഫിഫ തലവന് തന്നെ വ്യക്തമാക്കി കഴിഞ്ഞു.
ഇതിന് പിന്നാലെ മികച്ച ലോകകപ്പ് ഒരുക്കിയ റഷ്യയ്ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുടെ പ്രസിഡന്റ് കൊളിന്ദ ഗ്രാബര് കിതറോവിച്ച്. 'ഊര്ജസ്വലമായ ആതിഥേയത്തിന് നന്ദി, നിങ്ങള് മികച്ച സംഘാടകരാണ്. നമുക്കൊന്നിച്ച് ആഘോഷിക്കാം'. ക്രൊയേഷ്യന് ജനതയുടെ പേരില് നന്ദിയറിയിച്ച് വീഡിയോ സന്ദേശത്തിലൂടെ കൊളിന്ദ വ്യക്തമാക്കി. റഷ്യയിലേക്കുള്ള യാത്രമധ്യേ വിമാനത്തില് വച്ച് ക്രൊയേഷ്യന് ആരാധകര്ക്കൊപ്പമായിരുന്നു ആശംസ.
ലോകകപ്പ് ഫൈനലില് ശക്തരായ ഫ്രാന്സാണ് ക്രൊയേഷ്യയുടെ എതിരാളികള്. ലോകകപ്പില് ക്രൊയേഷ്യന് ടീമിന് കരുത്തുപകര്ന്ന് ഗാലറിയില് കൊളിന്ദ ഗ്രാബര് കിതറോവിച്ചുണ്ടായിരുന്നു. ക്രൊയേഷ്യ സെമിയിലെത്തിയപ്പോള് വിഐപി ലോഞ്ചില് കൊളിന്ദ ആനന്ദനൃത്തമാടിയതും ഡ്രസിംഗ് റൂമിലെത്തി താരങ്ങളെ അഭിനന്ദിച്ചതും ഫുട്ബോള് ലോകത്തിന്റെ കയ്യടി നേടിയിരുന്നു. ചരിത്രത്തിലെ ആദ്യ ഫൈനലിന് ഇറങ്ങുന്ന ക്രൊയേഷ്യ ഇന്ന് കപ്പുയര്ത്തിയാല് കൊളിന്ദയ്ക്കും അത് അഭിമാനനിമിഷമാകും.
