ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ജര്‍മനിക്കെതിരേ ഒച്ചാവോയുടെ പ്രകടനമാണ് നിര്‍ണായകമായത്.

മോസ്‌കോ: ഒരിക്കല്‍കൂടി മെക്‌സിക്കോയുടെ വീരനായകനായി ഗ്വില്ലര്‍മോ ഒച്ചാവോ. ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ജര്‍മനിക്കെതിരേ ഒച്ചാവോയുടെ പ്രകടനമാണ് നിര്‍ണായകമായത്. 2014ല്‍ ബ്രസീലില്‍ പുറത്തെടുത്ത അതേ പ്രകടനം. 

ബ്രസീല്‍ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ മൂന്ന് ഗോള്‍ മാത്രമാണ് ഒച്ചാവോ വഴങ്ങിയത്. ഇതില്‍ ആതിഥേയരായ ബ്രസീലിനെതിരേയും ഗോള്‍ വഴങ്ങിയില്ല. ഗോള്‍രഹിത സമനിലയ്ക്ക് തുണയായതും ഈ ചുരുളന്‍ മുടിക്കാരന്റെ പ്രകടനം തന്നെ.

ഇന്നത്തെ പ്രകടനത്തോടെ ലോകകപ്പില്‍ ബ്രസീലിനെതിരേയും ജര്‍മനിക്കെതിരേയും ഗോള്‍ വഴങ്ങിയില്ലെന്ന നേട്ടവും ഒച്ചാവോയ്ക്ക് സ്വന്തമായി. നേരത്തെ പോളണ്ടിന്റെ ഗോള്‍ കീപ്പര്‍ ജാന്‍ തോമസേവ്‌സ്‌കിയും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 1974, 1978 ലോകകപ്പിലായിരുന്നു ഈ നേട്ടം. എണ്ണം പറഞ്ഞ ഒമ്പത് സേവുകളാണ് ഒച്ചാവോ നടത്തിയത്. ഒരു ലോകകപ്പ് മത്സരത്തില്‍ ഇത്രത്തോളം സേവുകള്‍ നടത്തിയ മറ്റൊരു ഗോള്‍ കീപ്പര്‍ ലോകകപ്പ് ചരിത്രത്തിലില്ല.

Scroll to load tweet…

2014 ലോകകപ്പില്‍ മെക്‌സികോയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഒച്ചാവോയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യക്കെതിരേ മാത്രമാണ് ഒച്ചാവോ ഗോള്‍ വഴങ്ങിയത്. പ്രീ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ രണ്ട് ഗോള്‍ വഴങ്ങിയിരുന്നു. ഗ്രൂപ്പില്‍ ദക്ഷിണ കൊറിയക്കെതിരേയാണ് മെക്‌സികോയുടെ മത്സരം.