ശൗചാലയത്തിലെ വെള്ളത്തില്‍ ചായ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി

ഹൈദരാബാദ്: ട്രെയിനിലെ ശൗചാലയത്തില്‍നിന്ന് വെള്ളമെടുത്ത് ചായ ഉണ്ടാക്കുന്നതിന്‍റെ മൊബൈല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പാന്‍ഡ്രി കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി. സൗത്ത് സെന്‍ട്രല്‍ റെയില്‍വെ അറിയിച്ചതാണ് ഇക്കാര്യം. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നടപടി. ചായവില്‍പ്പനക്കാരന്‍ ട്രെയിനിലെ ശൗചാലയതിതല്‍നിന്ന് ചായ നിറച്ച പാത്രവുമായി ഇറങ്ങി വരുന്നതും മറ്റൊരാള്‍ വെള്ളം പാത്രത്തില്‍ നിറയ്ക്കുന്നതുപമടക്കമുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

സെക്കന്ദരാബാദ് റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഹൈദരാബാദ് ചാര്‍മിനാര്‍ എക്സ്പ്രസില്‍ 2017 ഡിസംബറിലാണ് ഈ സംഭവം നടന്നത്. ട്രെയിനിലുണ്ടായിരുന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വീഡിയോയില്‍ കാണുന്ന തൊഴിലാളികളെ ഇതേ തുടര്‍ന്ന് റെയില്‍വെ നീക്കം ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.