ഇടുക്കി അണക്കെട്ടിൽ 2,375 അടി വെള്ളം അണക്കെട്ടിന്‍റെ സംഭരണശേഷി 2403 അടി വൃഷ്ടി പ്രദേശത്ത് 17 വ‍ർഷത്തിനിടയിലെ കൂടിയ മഴ
ഇടുക്കി: കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ ഡാമുകൾ നിറയുന്നു. 33 വർഷത്തിനിടയിലെ ഉയർന്ന നിലയിലാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 66 ശതമാനം വെള്ളമാണ് ഇടുക്കി ഡാമിലുള്ളത്.
1985ന് ശേഷമുള്ള ഏറ്റവും ഉയർന്ന ജലനിരപ്പിലാണ് ഇടുക്കി അണക്കെട്ട്. 2,375.52 അടി വെള്ളം. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഡാമിലെ ജലനിരപ്പ് അഞ്ച് അടി ഉയർന്നു. നിലവിലെ കണക്ക് അനുസരിച്ച് 1324.3 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇടുക്കി അണക്കെട്ടിൽ നിന്ന് ഉല്പാദിപ്പിക്കാനാകും. കഴിഞ്ഞ വർഷത്തേക്കാൾ 57 അടി കൂടുതൽ വെള്ളം ഡാമിലുണ്ട്.
കാലവര്ഷാരംഭത്തിൽ തന്നെ ഇത്രയും വെള്ളം ഒഴുകിയെത്തിയതിനാൽ ഡാമിന്റെ ഷട്ടർ തുറക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും ബോര്ഡ് നടത്തുന്നുണ്ട്. ഇടുക്കി ഡാം നിർമിച്ചശേഷം 1981ലും 1992ലും മാത്രമാണ് ഷട്ടറുകൾ തുറന്നത്. വേനൽക്കാലത്തേക്കുള്ള കരുതലായി വൈദ്യുതോൽപാദനം കുറച്ചതും ജലനിരപ്പ് ഉയരുന്നതിന് കാണമായി. 2403 അടിയാണ് അണക്കെട്ടിന്റെ ആകെ സംഭരണശേഷി.
കഴിഞ്ഞ ദിവസം മാത്രം ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 153.4 മില്ലി മീറ്റർ മഴ ലഭിച്ചു. 17 വർഷത്തിനിന് ശേഷം ആദ്യമായാണ് ഇത്രയും കൂടിയ തോതിൽ മഴ പെയ്യുന്നത്. മഴ ശക്തമായതോടെ മൂന്നാർ രാമസ്വാമി ഹെഡ്വർക്ക്സ് ഡാം, കല്ലാർ, കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകൾ തുറന്നു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് കഴിഞ്ഞ ദിവസം 130.2 അടിയായി ഉയർന്നിരുന്നു. ഇതോടെ ഡാമിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോതും വര്ധിപ്പിച്ചു.
