കുടിവെള്ളമില്ല;കക്കൂസ് തരാം
അട്ടപ്പാടി വലിയ വരൾച്ച നേരിടുമ്പോഴും നേരിടാൻ സംവിധാനങ്ങളില്ലെന്ന് തുറന്നു പറഞ്ഞ് ബ്ലോക് പഞ്ചായത്ത്. കുടിവെള്ള പദ്ധതികൾക്കായി വകയിരുത്തിയ തുകയിൽ വലിയൊരു പങ്ക് കക്കൂസ് നിർമാണത്തിന് മാറ്റി. വരൾച്ച രൂക്ഷമായാൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന് കൈമലർത്തുകയാണ് അധികൃതർ.
വെളിമ്പ്രദേശത്ത് മലമൂത്രവിസ്സനം നടത്തുന്നവരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനൊരുങ്ങുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ കക്കൂസുകൾ നിർമിക്കേണ്ടത് അട്ടപ്പാടിയിലാണ്. പദ്ധതി ഏതാനും ദിവസത്തിനകം പൂർത്തിയാകും. ഇനി വീട്ടിനു സമീപത്തെ പുതിയ കക്കൂസിൽ വെളിക്കിരിക്കാം. പക്ഷേ ആവശ്യം കഴിഞ്ഞാൽ ഉപയോഗിക്കാനോ, എന്തിന് കുടിക്കാനോ വെള്ളം ഉണ്ടാകില്ലെന്ന് മാത്രം.
ഇവരുടെ കോളനിയിൽ ഞങ്ങളെത്തുമ്പോൾ വെള്ളം വന്നിട്ട് 16 ദിവസമായി. കുളിക്കാൻ കിലോമീറ്ററുകൾ നടന്ന് പുഴയിലെത്തണം. ഭവാനിപ്പുഴയിലെ അവശേഷിച്ച നീരൊഴുക്ക് നിലച്ചാൽ പിന്നെ എന്തു ചെയ്യുമെന്ന് അറിയില്ല. ഇതേ ആശങ്ക തന്നെയാണ് അധികൃതർക്കും.കാരണം 3 പഞ്ചായത്തുകളിലായി നാലായിരത്തിലേറെ കക്കൂസുകൾ നിർമിക്കാൻ ചെലവഴിച്ചത് കുടിവെള്ള പദ്ധതികൾക്കായി വകയിരുത്തിയ 8 കോടി.
കിഴക്കൻ അട്ടപ്പാടിയിലാണ് വരൾച്ച കൂടുതൽ ദുരിതം വിതക്കുന്നത്. അവശേഷിച്ച പ്രാദേശിക സ്രോതസ്സുകളിലും നീരുറവ നിലക്കുന്നതോടെ പകരം സംവിധാനങ്ങൾ കണ്ടെത്തേണ്ടി വരും.
