കൊച്ചി: വെള്ള ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ ഹോട്ടലുകളിലെ കൈകഴുകല്‍ ഒഴിവാക്കാന്‍ ഉടമകള്‍ ആലോചിക്കുന്നു. വെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ടിഷ്യൂ പേപ്പര്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഡിസ്‌പോസിബിള്‍ പാത്രങ്ങളില്‍ ഭക്ഷണം വിളമ്പുന്നതും പരിഗണനയിലുണ്ട്.
ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കൈകഴുകാനും ടോയ്‌ലെറ്റില്‍ പോകാനും ഉള്‍പ്പെടെ ഒരു ശരാശരി ഹോട്ടലില്‍ ദിവസവും ചുരുങ്ങിയത് 10,000 ലിറ്റര് വെള്ളം വേണം. പാത്രം കഴുകാനും ഭക്ഷണം പാകം ചെയ്യാനും ചെലവാകുന്നതും ലിറ്റര്‍ കണക്കിന് വെള്ളമാണ്. പല ഹോട്ടലുകളും കഴുത്തറപ്പന്‍ വില നല്‍കിയാണ് വെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നത്.
വെള്ളം സൂക്ഷിച്ച് ഉപയോഗിക്കാന്‍ ഉപഭോക്താക്കളുടെ പറയുന്നതിലും പരിമിതിയുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ആലോചിക്കുന്നത്. വരള്‍ച്ച കാരണമുളള ഈ പ്രത്യേക സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം നടപ്പാക്കേണ്ടി വരുമെന്ന് തന്നെയാണ് അസോസിയേഷന്‍ പറയുന്നത്.
