തിരുവനന്തപുരം: വേളിയില്‍ ആകാശത്ത് കണ്ടത് വാട്ടര്‍ സ്പൗട്ട് പ്രതിഭാസം മാത്രമാണെന്നും പേടിക്കേണ്ടതില്ലെന്നും ദുരന്ത നിവാരണ സേന. മുന്‍പും ഇത്തരത്തില്‍ പ്രതിഭാസം ജില്ലയില്‍ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വേളി ബോട്ട് ക്ലബ്ബ് ഭാഗത്ത് ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഒരു തൂണ് മാതൃകയില്‍ മേഘം കാണപ്പെട്ടത്. പ്രഥമദൃഷ്ട്യാ ചുഴലി കൊടുങ്കാറ്റിന് മുന്നോടിയായി ഉണ്ടാക്കുന്ന ഫണല്‍ മാതൃകയില്‍ ആണ് വാട്ടര്‍ സ്പൗട്ട് കാണപ്പെടുന്നത്. 

ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വിവരം അറിഞ്ഞു പോലീസ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. ശക്തമായ മഴയും ഇടിയും കൂടിയായപ്പോള്‍ ജനങ്ങള്‍ ആകെ പരിഭ്രാന്തരായി. എന്നാല്‍ ഇത്തരം പ്രതിഭാസം മുമ്പ് പല തവണ ജില്ലയില്‍ ഉണ്ടായിട്ടുണ്ടെന്നും ജനം പരിഭ്രാന്തരാകേണ്ട സഹചര്യമില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതര്‍ വ്യക്തമാക്കി. ഇടിമിന്നല്‍ മേഘങ്ങള്‍ക്കിടയില്‍ പെട്ടെന്നുണ്ടാകുന്ന മര്‍ദ്ധവ്യത്യാസമാണ് വാട്ടര്‍ സ്പൗട്ടിന് കാരണമാകുന്നത്. എന്നാല്‍ ചുഴലികൊടുങ്കാറ്റിന് സമാനമായി ശക്തിയോ ദൈര്‍ഘ്യമോ ഇവയ്ക്ക് കാണില്ലയെന്നും വിദഗ്ധര്‍ പറയുന്നു.