പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്‍റെ ലൈസന്‍സ് പുതുക്കി നല്‍കിയേക്കില്ല 

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്‍റെ ലൈസന്‍സ് പുതുക്കി നല്‍കിയേക്കില്ല. താല്‍ക്കാലിക ലൈസന്‍സിന്‍റെ കാലാവധി അവസാനിക്കാന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ തുടര്‍നടപടികളില്‍ കരുതലോടെ തീരുമാനമെടുത്താല്‍ മതിയെന്ന നിലപാടിലാണ് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി.

അതേസമയം കരിഞ്ചോല മലയിൽ ജല സംഭരണി ഉരുൾപൊട്ടലിന്റെ ആക്കം കൂട്ടിയതായി ജിയോളജി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ആയിരം ക്യുബിക് മീറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള സംഭരണി ഉണ്ടായിരുന്നതായി സൂചന കിട്ടി. അന്തിമ റിപ്പോർട്ട് വിദഗ്ധ പരിശോധനയ്ക്ക് ശേഷം താമരശേരി തഹസിൽദാർ സർക്കാരിന് സമർപ്പിക്കും

കൈപൊള്ളിയ നിലയിലാണ് കൂടരഞ്ഞി പഞ്ചായത്ത് നിലവില്‍ ഉള്ളത്. ദുരന്തസാധ്യതയൊന്നുമില്ലെന്ന് വാദിച്ച പ്രദേശത്ത് ഉരുള്‍പൊട്ടിയതോടെ പഞ്ചായത്തിന്‍റെ കണക്കുകൂട്ടലുകളെല്ലാം തെറ്റുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ക്കിനനുവദിച്ച താല്‍ക്കാലിക ലൈസന്‍സിന്‍റെ കാലാവധി 30 ന് അവസാനിക്കുകയാണ്. ഇനി ലൈസന്‍സ് അനുവദിക്കരുതെന്ന് പോലും ഭരണസമിതിയില്‍ അഭിപ്രായങ്ങളുയര്‍ന്നു കഴിഞ്ഞു.

ഉരുള്‍പൊട്ടലുണ്ടായ പശ്ചാത്തലത്തില്‍ വകുപ്പുകളുടെ അനുമതി കിട്ടുന്നത് ദുഷ്കരമാണ്. പ്രത്യേകിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട് നിര്‍ണ്ണായകമാവും. ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ പാരിസ്ഥിതികാഘാത പഠനത്തിന് നി്യോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ നിലപാട്.