കൊല്ലം കണ്ണനല്ലൂരിലെ ഈ പ്രദേശത്തെ ചില വീടുകളാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം നിരീക്ഷിച്ചത്. ഒരു വീട്ടില്‍ തന്നെ ഒന്നില്‍ക്കൂടുതല്‍ കുഴല്‍ക്കിണറുകള്‍ നിയമവിരുദ്ധമായി ഈ ഭാഗത്ത് നിര്‍മ്മിച്ചിട്ടുണ്ട്. വീടിന് മുന്നില്‍ ടാങ്കുമായി മിനിലോറികള്‍ ഊഴം കാത്തുകിടക്കുന്നു. വീട്ടുകളിലെ കുഴല്‍ക്കിണറുകളില്‍ നിന്നെടുക്കുന്ന വെള്ളം വലിയ ഹോസ് വച്ച് ലോറികള്‍ കയറ്റും. ഇവിടെ നിന്നും വെള്ളവുമായി പോകുന്ന വാഹനങ്ങളെ ഞങ്ങള്‍ പിന്തുടര്‍ന്നു. കൊല്ലം നഗരത്തില്‍ ഫ്ലാറ്റ് നിര്‍മ്മാണം നടക്കുന്നയിടത്താണ് ആദ്യം വെള്ളമെത്തിച്ചത്. പിന്നീടൊരു സ്വകാര്യ സ്കൂളിലും. അതിന് ശേഷം ഒരും ഹോട്ടലിലും വെള്ളം എത്തിച്ചു.
വെള്ളം വാങ്ങാനെന്ന വ്യജേന ഞങ്ങള്‍ ഇവരെ സമീപിച്ചു. കെട്ടിടം വാര്‍ക്കാന്‍ വെള്ളം ആവശ്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ തലേ ദിവസം പറഞ്ഞാല്‍ മതി 2000 ലിറ്റര്‍ വെള്ളം എത്തിക്കാമെന്ന് വാഗ്ദാനം. അത് തീരുമ്പോള്‍ പറഞ്ഞാല്‍ എത്ര വേണമെങ്കിലും പിന്നെയും കൊണ്ടുവരും. ആകെ എത്ര ലിറ്റര്‍ കിട്ടുമെന്ന് ചോദിച്ചപ്പോള്‍ നേരത്തെ അറിയിച്ചാല്‍ എത്ര ലിറ്റര്‍ വേണമെങ്കിലും തരാമെന്ന് ഏജന്റ് ഉറപ്പിച്ചു പറഞ്ഞു. എന്ത് വെള്ളമാണിതെന്ന് ചോദിച്ചപ്പോള്‍ കുടിവെള്ളം തന്നെയെന്ന് സമ്മതിച്ചു. ഞങ്ങള്‍ തന്നെ വിഷയം സ്ഥലം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചപ്പോള്‍ നടപടിയെടുക്കാമെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചു. പക്ഷേ പിന്നീട് കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കുടിവെള്ളം കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ വഴിയരികില്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്ക് പണം നല്‍കുന്നു.
കുടിവെള്ളമൂറ്റുന്ന ഈ പ്രദേശത്തിന് സമീപമുള്ള വീടുകളിലെല്ലാം കിണറുകളില്‍ വെള്ളം താഴ്ന്നു. മിക്കയിടങ്ങളിലും വെള്ളം ഇല്ലെന്ന് തന്നെ പറയാം. അല്‍പം വെള്ളമുള്ള കിണറുകളിലെല്ലാം കലക്കങ്ങിയും മഞ്ഞ നിറത്തിലുമൊക്കെയാണ് വെള്ളം കിട്ടുന്നത്. തുണികഴുകാന്‍പോലും കൊള്ളാത്ത വെള്ളമാണ് മറ്റ് വീടുകളില്‍ ലഭിക്കുന്നത്. ഇങ്ങനെ ഭൂഗര്‍ഭജലത്തിന്റെ ചൂഷണം ഒരു പ്രദേശത്തിനെയാകെ വരള്‍ച്ചയിലാക്കിയിരിക്കുന്നു. കുഴല്‍ക്കിണര്‍ കുത്തുന്നതിന് സര്‍ക്കാര്‍ പുതിയ നിയന്ത്രണം കൊണ്ടുവന്നെങ്കിലും നിലവിലുള്ളവയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ സംവിധാനം കൊണ്ടുവരണം. കൂടാതെ കുടിവെള്ളക്കടത്തിന് പരസ്യമായി ചുക്കാന്‍ പിടിക്കുന്ന നമ്മുടെ നിയമ സംവിധാനങ്ങളെ നിലയ്‌ക്ക് നിര്‍ത്തുകയും വേണം.
റിപ്പോര്‍ട്ട് : ആര്‍.പി വിനോദ്

