സിപിഎം ലോക്കല്‍ സെക്രട്ടറി വനിതാ എല്‍സി അംഗത്തിന് വാട്സ്‍ ആപ്പില്‍ നഗ്നചിത്രം അയച്ചു. എന്നാല്‍ നഗ്നചിത്രം നമ്പർ മാറി മറ്റൊരു വാട്സാപ്പ് ഗ്രൂപ്പിലെത്തിയതിനെത്തുടർന്ന് പാർടിയിൽ കലാപം. പെരുമ്പാവൂരിലാണ് സംഭവം. ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ചർച്ച ചെയ്യാൻ ഏരിയാ കമ്മിറ്റി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

ഒരാഴ്ച മുൻപാണ് സംഭവം. സിപിഐ എം മുടക്കുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെയാണ് പരാതി. നഗ്ന ചിത്രം സെൽഫിയായെടുത്ത് ഇയാൾ വനിതാ ലോക്കൽ കമ്മിറ്റി അംഗത്തിന് അയച്ചുകൊടുത്തു. പക്ഷേ നമ്പർ മാറി ചിത്രം ലഭിച്ചത് മറ്റൊരു വാട്ട്സാപ്പ് ഗ്രൂപ്പിനാണ്. വനിത എൽ.സി. അംഗത്തിന്റെ പേര് വാട്‍സ് ആപ്പ് ഗ്രൂപ്പിന്റെ പേരായ ത്രിവേണി എന്നു കൂടി ചേർത്താണ് ഫോണിൽ സേവ് ചെയ്തിരുന്നത്. ഇതാണ് വിനയായത്.

നഗ്ന ചിത്രം കിട്ടിയ വാട്സാപ്പ് ഗ്രൂപ്പിൽ 242 അംഗങ്ങളുണ്ട്. അവർ ലോക്കൽ സെക്രട്ടറിയുടെ ചിത്രം ഫോർവേഡ് ചെയ്തതതോടെ വിഷയം നാട്ടിൽ പാട്ടായി. പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന ലോക്കൽ കമ്മിറ്റിയിൽ സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനമുയര്‍ന്നു. സ്ഥാനത്ത് നിന്നും മാറണമെന്ന് ആവശ്യവും ഉയർന്നു. തനിക്ക് അബദ്ധം പറ്റിയെന്നും ജാഗ്രതക്കുറവു സംഭവിച്ചുവെന്നുമാണ് ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ വിഷയം ചർച്ച ചെയ്യാൻ പെരുമ്പാവൂർ ഏരിയാ കമ്മിറ്റി അടിയന്തിര യോഗം ചേരുകയാണ്. ലോക്കൽ സെക്രട്ടറിക്കെതിരെ പാർടി നടപടി ഉണ്ടാകുമെന്നാണ് സൂചന.