വയനാട്: നിര്‍ദിഷ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന കാപ്പി അജ്ഞാതര്‍ പറിച്ചു കടത്തി. മടക്കിമലയിലെ അമ്പത് ഏക്കറോളം വരുന്ന സ്ഥലത്തെ കാപ്പിയാണ് ആരുമറിയാതെ വിളവെടുത്തിരിക്കുന്നത്. കാപ്പി പറിച്ചത് ആരാണെന്ന് ജില്ലാ ഭരണകൂടത്തിനോ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ ഒന്നിനും നിശ്ചയമില്ല. 

നേരത്തെ ഈ ഭൂമിയിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാറയും മണ്ണും കടത്തുന്നതായും ആരോപണമുയര്‍ന്നിരുന്നു. ആ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് ഏകദേശം 13 ലക്ഷത്തിലധികം രൂപയുടെ കാപ്പി പറിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനായി വിട്ടുനല്‍കിയ ഭൂമിയില്‍ നല്ല രീതിയില്‍ കാപ്പിക്ക് വിളവ് കിട്ടുന്നുണ്ട്. 

ഭൂമിയിലെ കാടുവെട്ടാന്‍ പോലും പണമില്ലാതിരിക്കുമ്പോഴാണ് കാപ്പി കാണാതെ പോയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ കണക്ക് പ്രകാരമാണ് 13 ലക്ഷത്തിലധികം രൂപയുടെ കാപ്പിയുണ്ടെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തവണ വിളവ് വര്‍ധിച്ചിട്ടുണ്ടെങ്കില്‍ തുക ഇനിയും ഉയര്‍ന്നേക്കാം. എന്തായാലും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

കാപ്പി മോഷണം പോയ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ തന്നെ എ.ഡി.എം കലക്ടര്‍ക്ക് നല്‍കും. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എയും ആവശ്യപ്പെട്ടു.