വയനാട്: വേനല്‍ കടുത്തതോടെ കാട്ടുതീ ഭീഷണിയും മൃഗശല്യവും കണക്കിലെടുത്ത് ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 15വരെ വയനാട് വന്യജീവി സങ്കേത്തില്‍ വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍ അറിയിച്ചു. 

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് സഞ്ചാരികളെ വിലക്കിയിരിക്കുന്നത്. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും കര്‍ണാടക തമിഴ്‌നാട് വനഭാഗങ്ങളില്‍നിന്നും വന്യജീവികള്‍ കൂട്ടമായി വയനാട് വന്യജീവി സങ്കേതത്തിലേക്ക് തീറ്റയും വെള്ളവും തേടി വരുന്നതിനാലുമാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നത്. 

സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ഇതുസംബന്ധിച്ച് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ആന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് ഉത്തരവിറക്കിയത്.