ചെന്നൈ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തമിഴ് രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ എ ഐ എ ഡി എം കെ ,എം.എൽ എ മാരുടെ റിസോർട്ട് വാസം നാലാം ദിവസവും തുടരുന്നു.ഹൈക്കോടതി നിർദേശ പ്രകാരം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും റിസോർട്ടിലെത്തി തെളിവെടുപ്പ് നടത്തി. എം.എൽ എ മാർ തടവിലല്ലെന്ന് പരിശോധനക്കു ശേഷം കാഞ്ചീപുരം ഡിവൈഎസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒ പനീർശെൽവത്തെ ഭയന്നാണ് റിസോർട്ടിൽ തുടരുന്നതെന്ന് എം.എൽ എ മാരും അറിയിച്ചു.
ചെന്നൈ പോണ്ടിച്ചേരി തീരദേശ ഹൈവേയിൽ കൂവത്തൂരുള്ള കടലോര റിസോർട്ടിലാണ് ശശികല പക്ഷത്തുള്ള എം.എൽ.എമാർ നാലാം ദിവസവും തുടരുന്നത്. ഇവർ എവിടെയുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതി നിർദേശ പ്രകാരമണ് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും റിസോർട്ടിലെത്തി തെളിവെടുത്തത്. സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്നും തടവിലല്ലെന്നും എം.എൽ എ മാർ അറിയിച്ചെന്നും കാഞ്ചീപുരം ഡിവൈഎസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
തെളിവെടുപ്പിനു ശേഷം റിസോർട്ടിൽ കഴിയുന്ന മൂന്ന് എം എൽ എ മാരും മാധ്യമങ്ങളെ കണ്ടു. തങ്ങളെല്ലാം 'ശശികലയ്ക്ക് ഒപ്പമാണെന്നും കാവൽ മുഖ്യമന്ത്രിയായ പനീർശെൽവത്തെ ഭയന്നിട്ടാണ് റിസോർട്ടിൽ കഴിയുന്നതെന്നും ഇവർ അറിയിച്ചു
ഇതിനിടെ റിസോർട്ടിന് പുറത്ത് മാധ്യമങ്ങൾക്കുനേരെ എ ഐ എ ഡി എം കെ പ്രവർത്തകർ രാവിലെ കല്ലെറിഞ്ഞു എം.എൽഎമാർ റിസോർട്ടിൽ തുടരുമ്പോഴും വരും ദിവസങ്ങളിൽ എതപേർ കാലുമാറുമെന്നതാണ് ശശികല പക്ഷത്തെ ഭയപ്പെടുത്തുന്നത്. അതു കൊണ്ടു തന്നെ ഗവർണറുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകും വരെ എം എൽ എ മാരെ മാറ്റി പാർപ്പിക്കാനാണ് ആലോചന.
