കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെതുടര്‍ന്ന് ബോട്ടുകള്‍ തകര്‍ന്നപ്പോള്‍ നടുക്കടലില്‍പ്പെട്ടു പോയ മത്സ്യതൊഴിലാളികള്‍ കഴിഞ്ഞത് മരണത്തെ മുഖാമുഖം കണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ കടലില്‍ കഴിയേണ്ടി വന്നവര്‍ പുതുജീവന്‍ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍. നാല് ദിവസമാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടുക്കടലില്‍ കുടുങ്ങിയത്.

ആലപ്പുഴയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ജോസഫ് അടക്കമുള്ള അഞ്ചംഗ സംഘത്തിനും മരണം മുന്നില്‍ കണ്ടിടത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നെന്ന് ഇപ്പോഴും വിശ്വിസിക്കാനായിട്ടില്ല. കോസ്റ്റ് ഗാര്‍ഡ് ഇവരെ രക്ഷപ്പെടുത്തി ബേപ്പൂരില്‍ എത്തിക്കുകയായിരുന്നു. തങ്ങളുടെ പ്രാര്‍ത്ഥനയും നേര്‍ച്ചയുമാണ് ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്നാണ് ഈ തൊഴിലാളികള്‍ പറയുന്നത്. 

ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ യു.കെ സണ്‍സ് എന്ന വള്ളവും അതിലെ മൂന്ന് തൊഴിലാളികളും രക്ഷപ്പെട്ടതും മരണത്തെ മുന്നില്‍ കണ്ടിടത്ത് നിന്നുമാണ്. കേരള പോലീസിന്റെ റെസ്‌ക്യൂ ഗാര്‍ഡ് നടത്തിയ തെരച്ചിലിലാണ് അവശ നിലയിലായ ഇവരെ കണ്ടെത്തുന്നത്. വയര്‍ലസ് വെള്ളം വീണ് കേടായതും മൊബൈല്‍ ഫോണ്‍ കടലില്‍ നഷ്ടപ്പെട്ടതുമാണ് പുറംലോകവുമായുള്ള ഇവരുടെ ബന്ധം വിഛേദിച്ചത്. വൈകിയാണെങ്കിലും കരകണ്ടതിന്റെ സന്തോഷത്തിലാണ് ഇവരെല്ലാം.