Asianet News MalayalamAsianet News Malayalam

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ അസ്വഭാവികത കാണുന്നില്ല: ജലന്ധർ രൂപതാ ചാൻസലർ

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ അസ്വഭാവികത കാണുന്നില്ലെന്ന് ജലന്ധർ രൂപതാ ചാൻസലർ ഫാ.ജോസ് സെബാസ്റ്റ്യന്റെ പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ ഇന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

we found no abnormality in kuriakose kathutharas death says jalandhar diocese
Author
Jalandhar, First Published Oct 22, 2018, 12:20 PM IST

ജലന്ധര്‍: ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ അസ്വഭാവികത കാണുന്നില്ലെന്ന് ജലന്ധർ രൂപതാ ചാൻസലർ ഫാ.ജോസ് സെബാസ്റ്റ്യന്റെ പ്രതികരണം. ഹൃദയ  സംബന്ധമായ രോഗങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.  ഛർദ്ദിച്ച നിലയിലാണ് രാവിലെ കണ്ടതെന്നും ഫാ. ജോസ് വിശദമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ ഇന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല പള്ളിപ്പുറം സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറ ജലന്ധറിനടുത്ത് ദസ്‍വ എന്നയിടത്തെ ചാപ്പലിലാണ് വൈദികൻ താമസിച്ചിരുന്നത്. 

വൈദികൻ മുറി തുറക്കാതിരുന്നതിനെത്തുടർന്ന് മറ്റുള്ളവരെത്തി. പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ വാതിൽ പൊളിച്ചാണ് അകത്ത് കടന്നപ്പോളാണ് മരിച്ച നിലയില്‍ ഫാ കുര്യാക്കോസ് കാട്ടുതറയെ കണ്ടെത്തിയത്. വൈദികന്‍റെ മൃതദേഹം ദസ്‍വ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ പരാതി നൽകിയിരുന്നു. കന്യാസ്ത്രീ നൽകിയ ബലാത്സംഗപരാതിയിൽ പൊലീസിന് ഫാ.കുര്യാക്കോസ് സാക്ഷിമൊഴിയും നൽകിയിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി വേണമെന്നും ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണവിധേയമായി മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് വത്തിക്കാനും മാർപാപ്പയ്ക്കും പരാതി നൽകിയവരിൽ ഫാദർ കുര്യാക്കോസ് ഉണ്ടായിരുന്നു. 

കന്യാസ്ത്രീയുടെ പരാതി വിവാദമായപ്പോൾ കഴിഞ്ഞ മെയ് മാസം ഫാ.കുര്യാക്കോസിനെ സ്ഥലം മാറ്റിയിരുന്നു. ജലന്ധറിലെ ഭോഗ്‍പൂർ പള്ളിവികാരിയായിരുന്ന ഫാ.കുര്യാക്കോസിനെ ജലന്ധറിൽത്തന്നെയുള്ള ദസ്‍വയിലെ പള്ളിയിലേയ്ക്കാണ് മാറ്റിയത്. കന്യാസ്ത്രീകളുടെ സമരത്തിന് തുറന്ന പിന്തുണയുമായി രംഗത്തെത്തിയ ഫാദർ കുര്യാക്കോസ് തനിയ്ക്ക് നിരവധി ഭീഷണികളുണ്ടായിരുന്നെന്ന് മുമ്പും പറഞ്ഞിരുന്നു. 

ചാപ്പലിൽ ഫാദർ കുര്യാക്കോസിന് ഭീഷണിയുണ്ടെന്നും വധഭീഷണി മുഴക്കി ഫോൺകോളുകൾ വന്നിരുന്നതായുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഭീഷണികൾ ശക്തമായ സാഹചര്യത്തിൽ ഒരു ഘട്ടത്തിൽ സമരത്തിൽ നിന്ന് ഫാദർ പിൻവാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios