ദില്ലി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യു.എ.ഇ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയാകുന്ന അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ചൊവ്വാഴ്ച ദില്ലിയിലെത്തുന്നതോടെ 16 സുപ്രധാന കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും. ജനുവരി 25ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അബൂദാബി കിരീടാവകാശി നടത്തുന്ന കൂടിക്കാഴ്ചയെ ഏറെ പ്രധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.
ലോകമെമ്പാടുമുള്ള തീവ്രവാദ പ്രവണതകളെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും യു.എ.ഇ ഉറപ്പാക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുമെന്ന് സംശയിക്കുന്ന പണം സംബന്ധിച്ചും സംശയിക്കപ്പെടുന്ന വ്യക്തികളെയും സംഘടനകളെയും സംബന്ധിച്ച വിവരങ്ങളും യു.എ.ഇ ഇന്ത്യക്ക് കൈമാറും. പഠാന്‍കോട്ട് വ്യോമ താവളത്തില്‍ തീവ്രവാദി ആക്രമണമുണ്ടായപ്പോള്‍ ആദ്യം അപലപിച്ച രാജ്യങ്ങളിലൊന്ന് യു.എ.ഇ ആയിരുന്നെന്നും അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെ യു.എ.ഇ പിന്തുണച്ചിട്ടുണ്ടെന്നും അഹമ്മദ് അല്‍ ബന്ന അറിയിച്ചു. ഐ.എസ് ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനള്‍ക്കെതിരെ ഇരു രാജ്യങ്ങളും യോജിച്ച പ്രക്ഷോഭം സാധ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
