അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിക്കേ് കടക്കുമ്പോള്‍ പാട്ടിദാര്‍ സമുദായത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ത്ത് ബിജെപി. 26 കാബിനറ്റ് മന്ത്രിമാരാണ് ഗുജറാത്തില്‍ പ്രചരണത്തിനെത്തിയത്. ഇതില്‍ 20 കേന്ദ്രമന്ത്രിമാരും ആറ് മുഖ്യമന്ത്രിമാരും ഉള്‍പ്പെടും.
മന്ത്രിമാരെ നിരത്തി ഗാലക്‌സി(താരപഥം) ഞങ്ങളോടൊപ്പമാണെന്ന് പറഞ്ഞാണ് പ്രചരണങ്ങള്‍ കൊഴുക്കുന്നത്. പ്രചരണം അവസാനിക്കുന്നത് വരെ 30 റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്. നേതാക്കളില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലികളിലാണ് ജനപങ്കാളിത്തം കൂടുതല്‍. അതേസമയം മുഖ്യമന്ത്രിമാരായ വസുന്ധര രാജെ, ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയ പ്രധാന നേതാക്കളും കളത്തിലിറങ്ങിയിട്ടുണ്ട്.
മുന്‍പില്ലാത്ത തരത്തിലുള്ള ബിജെപിയുടെ പ്രചരണത്തില്‍ സന്തോഷമുള്ളതായി കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപി പേടിക്കുന്നതിന് തെളിവാണ് പ്രചരണം. മന്ത്രിസഭ തന്നെ പ്രചരണ കമ്മിറ്റിയാക്കി മാറ്റിയിരിക്കുകയാണ് ബിജെപി, മോദിയാണ് ചെയര്‍മാനെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പരിഹസിച്ചു.
2014ലെ തെരഞ്ഞെടുപ്പില്‍ വിജയം കണ്ട കാംപയിന്‍ പരിപാടിയായ ചായ് കി സാത്തും ഗുജറാത്തിലെ 50000 പോളിങ് ബൂത്തുകളിലും നടത്തിവരുന്നുണ്ട്. ശക്തമായ പ്രചരണ തന്ത്രങ്ങളുമായി ബിജെപി നേതാക്കളെല്ലാം ഗുജറാത്തില്‍ തന്നെ തങ്ങിയിരിക്കുകയാണ്. വോട്ട് ബാങ്കായിരുന്ന പട്ടേല്‍ സമുദായമടക്കമുള്ള ദളിത് സംഘടനകള്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ചതോടെയാണ് ബിജെപിക്ക് തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായി മാറിയത്.
