'നിങ്ങളുടെ വസ്ത്രധാരണ ശരിയല്ല. നിങ്ങൾ സാരിയോ ചുരിദാറോ കുര്‍ത്തയോ ആയിരുന്നു ധരിക്കേണ്ടിയിരുന്നത്'- മൗഷുമി അവതാരകയോട് പറഞ്ഞു.

ദില്ലി: പാന്‍റ്സിന് പകരം സാരി ധരിക്കാൻ അവതാരകയ്ക്ക് ഉപദേശം നൽകി അഭിനേത്രിയും ബിജെപി നേതാവുമായ മൗഷുമി ചാറ്റര്‍ജി. സൂറത്തിലെ ഒരു ഹോട്ടലിൽ ബിജെപി നേതാവ് നിതിന്‍ ബാജിയാവാലയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നേതാവിന്റെ ഉപദേശം. ബിജെപി നേതാവ് എന്ന നിലയിലല്ല പകരം അമ്മയുടെ സ്ഥാനത്തു നിന്നാണ് ഉപദേശമെന്നും അവർ അവതാരകയോട് പറഞ്ഞു. ജനുവരി രണ്ടിനാണ് മൗഷുമി ബിജെപിയിൽ ചേർന്നത്.

പരിപാടിയിൽ മൗഷുമിയെ മാധ്യമ പ്രവർത്തകർക്ക് പരിചയപ്പെടുത്തി കൊടുത്ത അവതാരകയെയാണ് വേഷത്തിന്റെ കാര്യം പറഞ്ഞ് അപമാനിച്ചത്. പരിചയപ്പെടുത്തിയ ശേഷം സംസാരിക്കാനായി നേതാവിനെ ക്ഷണിച്ച ഉടനെയായിരുന്നു പ്രസ്താവന. 'നിങ്ങളുടെ വസ്ത്രധാരണ ശരിയല്ല. നിങ്ങൾ സാരിയോ ചുരിദാറോ കുര്‍ത്തയോ ആയിരുന്നു ധരിക്കേണ്ടിയിരുന്നത്'- മൗഷുമി അവതാരകയോട് പറഞ്ഞു.

തുടർന്ന് തന്റെ പ്രസ്താവനയെ പറ്റി മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ 'നിങ്ങൾ ഞാൻ പറഞ്ഞ കാര്യം തെറ്റായ രീതിയിൽ എടുക്കരുത്. ബിജെപി നേതാവായിട്ടല്ല മറിച്ച് അമ്മയുടെ സ്ഥാനത്തു നിന്നാണ് ഞാൻ അവരെ ഉപദേശിച്ചത്. ഒരു ഭാരതീയ സ്ത്രീ എന്ന നിലയിൽ എന്ത് എവിടെ എങ്ങനെ ധരിക്കണമെന്ന് യുവതിയെ ഉപദേശിക്കേണ്ട അവകാശം എനിക്കുണ്ട്' എന്നായിരുന്നു അവരുടെ പ്രതികരണം.

ബിജെപി ദേശീയ സെക്രട്ടറി കശലാഷ് വിജയ്‌വർഗിയയുടെ സാന്നിധ്യത്തിലായിരുന്നു മൗഷുമി ചാറ്റർജിയുടെ പാർട്ടിപ്രവേശനം. 2004-ൽ കോൺഗ്രസ് ടിക്കറ്റിൽ കൊൽക്കത്ത നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ച മൗഷുമി പരാജയപ്പെട്ടിരുന്നു.