തിരുവനന്തപുരം: അയല്‍വാസികളുടെ വീട്ടിലെ കിണറുകളില്‍ വിഷം കലര്‍ത്തി കൊലപാതക ശ്രമം നടത്തിയ പ്രതി പൊലീസ് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത് കിണറ്റിലെ വെള്ളമാണെ​ന്ന് അറിഞ്ഞുകൊണ്ട് വിഷം കലര്‍ത്തിയതിനാണ് തിരുവല്ലം സ്വദേശി ഉണ്ണിക്ക് എതിരെ കേസ്സെടുത്ത് പിടികൂടിയത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര​ പഴെനാട് സ്വദേശി സന്തോഷ് കുമാർ ​, ​ ബാലച്ചൻ എന്നിവരുടെ വീടുകളിലെ കിണറുകളിലാണ് വിഷം കണ്ടെത്തിയത്. ഇതിന് പിന്നില്‍ അയല്‍വാസിയായ ഉണ്ണിയാണെന്ന് ഇരുവീട്ടുകാര്‍ക്കും സംശയം തോന്നിയിരുന്നു. ഇയാള്‍ നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു എന്നും വീട്ടുകാര്‍ പൊലീസില് പരാതി നല്‍കിയിരുന്നു.

നിരവധി കേസുകളില്‍ പ്രതിയായ ഉണ്ണി രണ്ട് തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് ഇറങ്ങി ഉടനെയാണ് വീണ്ടും അയൽവാസികളുടെ കിണറിൻ വിഷം കലര്‍ത്തുകയും ബൈക്ക് തകർക്കുകയും ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകുല്ലം ഇയാള്‍ക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അക്രമം നടത്തി കടന്നുകളഞ്ഞ ഉണ്ണി തിരുവനന്തപുരത്ത് ഉണ്ടെന്ന രഹസ്യവിവരം എസ്‍പിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഇയാളെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്‍തു.