കൊല്‍ക്കത്ത: ബംഗാളിലെ 24 പർഗാനാസിലെ കലാപത്തിന് പിന്നില്‍ കേന്ദ്രസര്‍ക്കാരെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കലാപത്തിന്‍റെ മറവില്‍ രാഷ്ട്രപതി ഭരണത്തിനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. സഘര്‍ഷ ബാധിത മേഖല സന്ദര്‍ശിക്കാനെത്തിയ ബിജെപി എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
സംഘര്‍ഷം രൂക്ഷമായ ബാസിര്‍ഹട്ട് മേഖല സന്ദര്‍ശിക്കാനെത്തിയ ബിജെപി എംഎല്‍എമാരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. സംഘര്‍ഷം പരിഹരിക്കുന്നതില്‍ കേന്ദ്രത്തിന് നിസ്സഹകരണ മനോഭാവമാണെന്ന് മമത കുറ്റപ്പെടുത്തി. ബാധുരിയയിലും ബാസിര്‍ഹട്ടിലും സംഘര്‍ഷത്തിന് വളംവക്കുകയാണ്കേന്ദ്രം.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു. കുറ്റക്കാരെ വെറുതെ വിടില്ല. സംഘര്‍ഷത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും മമത പറഞ്ഞു. ബിജെപി എംപിമാരായ മീനാക്ഷി ലേഖി, ഓം മാതൂര്‍, സത്യപാല്‍ സിങ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധനം മറികടന്ന് ബാസിര്‍ഹട്ട് സന്ദര്‍ശിക്കനെത്തിയപ്പോഴായിരുന്നു നടപടി. ഇവരെ പിന്നീട് വിട്ടയച്ചു.
കഴിഞ്ഞ ദിവസം സിപിഎം, കോണ്‍ഗ്രസ് നേതാക്കളേയും പ്രദേശം സന്ദര്‍ശിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിലക്കിയിരുന്നു. ബാസിര്‍ഹട്ടില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും ഇന്നും അക്രമികള്‍ തീയിട്ടു.
മേഖലയില്‍ കേന്ദ്രസേന നിലയുറപ്പിച്ചിട്ടുണ്ട്. സംഘര്‍ഷം ഒഴിവാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് നേര്‍ത്ത് 24 പര്‍ഗാനാസിലെ എസ്പി ഭാസ്ക്കര്‍ മുഖര്‍ജിയെ സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട് . കലാപത്തിനടയാക്കിയ ഫെയ്ബുക്ക് കുറിപ്പിട്ട സ്‌കൂള്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
